ദോഹ: മേഖലയിലെ സംഘർഷത്തെത്തുടർന്ന് ഊർജ വിതരണത്തിലുണ്ടായ പ്രതിസന്ധികൾക്കിടയിൽ കേന്ദ്ര പെട്രോളിയം -പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഖത്തറിലെത്തി. ദോഹയിലെത്തിയ കേന്ദ്രമന്ത്രിയെ ഇന്ത്യൻ അംബാസഡർ വിപുൽ, ഖത്തർ എനർജി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഊർജ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഖത്തറിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തും. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ ഇന്ത്യയിലേക്കുള്ള എൽ.എൻ.ജി, എൽ.പി.ജി വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഇവ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനെക്കുറിച്ച് ഖത്തറുമായി ചർച്ച നടത്തും. ഇന്ത്യയുടെ ഏറ്റവും വലിയ എൽ.എൻ.ജി വിതരണക്കാരാണ് ഖത്തർ.
ഹുർമുസ് കടലിടുക്കിലെ തടസ്സങ്ങളും ഖത്തറിലെ എൽ.എൻ.ജി പ്ലാന്റുകൾക്കുണ്ടായ കേടുപാടുകളും കാരണം മാർച്ചിൽ ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതി കുറഞ്ഞിരുന്നു. ഇത് പരിഹരിച്ച് വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കേന്ദ്ര മന്ത്രിയുടെ സന്ദർശനം.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനും സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.