ദോഹ: വാരാന്ത്യത്തിൽ രാജ്യത്തുടനീളം കനത്തചൂടും ഉയർന്ന അന്തരീക്ഷ താപനിലയും തുടരുമെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്. രാവിലെ ചിലയിടങ്ങളിൽ നേരിയ മൂടൽമഞ്ഞ് അനുഭവപ്പെടും. പിന്നീട് കടുത്ത ചൂടും ഉയർന്ന ഹുമുഡിറ്റിയും നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് പ്രതിദിന കാലാവസ്ഥാ അറിയിപ്പിൽ വിശദീകരിച്ചു.
അതേസമയം, വേനൽക്കാലത്ത് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി തൊഴിൽ സമയത്തിൽ ഏർപ്പെടുത്തിയ ക്രമീകരണം കർശനമായി പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു. അന്തരീക്ഷ താപനില ശക്തമായി കുതിച്ചുയരുന്നതിനിടെയാണ് വിവിധ മേഖലകളിൽ പുറംമേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ആശ്വാസമായി ഉച്ച വിശ്രമനിയമം നടപ്പാക്കുന്നത്.
രാവിലെ 10 മണി മുതൽ വൈകീട്ട് 3.30 വരെ നേരിട്ട് വെയിൽ അടിക്കുന്ന തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നതിനാണ് നിയന്ത്രണമുള്ളത്. വൈകീട്ട് 3.30 ന് ശേഷം നിർത്തിവെച്ച ജോലികൾ പുനരാരംഭിക്കാവുന്നതാണ്. സെപ്റ്റംബർ 15 വരെ ഈ നിയന്ത്രണം തുടരും.
തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ തൊഴിൽ മന്ത്രാലയത്തിന്റെ പ്രത്യേക പരിശോധനാ വിഭാഗം രാജ്യത്തുടനീളം കർശന പരിശോധനകളും ഇക്കാലയളവിൽ സംഘടിപ്പിക്കാറുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കാറുണ്ട്. തൊഴിലാളികൾക്ക് ആവശ്യത്തിന് കുടിവെള്ളവും വിശ്രമകേന്ദ്രങ്ങളും തൊഴിലുടമകൾ ഉറപ്പാക്കണമെന്ന് നേരത്തേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതേസമയം, വേനല്‍ കടുത്തതോടെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും തൊഴിൽ മന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ വിവിധ കമ്പനികളുമായി ചേർന്ന് തൊഴിലിടങ്ങളില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിനുകൾ സംഘടിപ്പിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ച ഇന്ത്യൻ കമ്മ്യൂണിറ്റി ബിനവലന്റ് ഫോറം (ഐ.സി.ബി.എഫ്), തെലങ്കാന ഗൾഫ് സമിതിയുടെ സഹകരണത്തോടെ ഹീറ്റ് സ്ട്രെസ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. കൂടാതെ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും ബോധവല്‍ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.