ന്യൂഡൽഹി/ ദോഹ: ഖത്തർ എനർജി 'ഫോഴ്സ് മജൂർ' പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയേലിക്കുള്ള 56 എൽ.എൻ.ജി ഷിപ്മെന്റുകളെ ബാധിച്ചെന്ന് പെട്രോനെറ്റ്. ഖത്തറിൽ നിന്നുള്ള എൽ.എൻ.ജി വിതരണം സാധാരണ നിലയിലെത്തുന്നതിൽ കൃത്യമായ സമയപരിധി ലഭിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ മുൻനിര ഗ്യാസ് ഇറക്കുമതിക്കാരായ പെട്രോനെറ്റ് സി.ഇ.ഒ എ.കെ. സിങ് വ്യക്തമാക്കി.
മധ്യപൂർവേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് മാർച്ച് മാസത്തിലാണ് ഖത്തർ എൽ.എൻ.ജി ഫോഴ്സ് മജൂർ പ്രഖ്യാപിച്ചത്. ഖത്തർ എനർജിയുടെ പ്ലാന്റുകൾക്കു നേരെ ഇറാൻ ആക്രമണമുണ്ടായതും ഹുർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കം തടസ്സപ്പെട്ടതുമാണ് പ്രതിസന്ധിക്ക് കാരണമായത്. ഖത്തറിൽ നിന്ന് എൽ.എൻ.ജി എത്തിക്കാൻ ചാർട്ടർ ചെയ്തിരുന്ന ദിഷ, റാഹി, അസീം എന്നീ ടാങ്കറുകളുടെ പ്രവർത്തനം പെട്രോനെറ്റ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
നിലവിൽ ഖത്തറുമായുള്ള ദീർഘകാല കരാർ അവസാനിക്കുന്ന 2028 ഏപ്രിലിനുള്ളിൽ തടസ്സപ്പെട്ട കാർഗോകൾ എത്തിച്ചുനൽകാൻ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഖത്തറിൽ നിന്നുള്ള വാതക വിതരണത്തിലുണ്ടായ കുറവ് പരിഹരിക്കാൻ ഇന്ത്യ മറ്റ് പ്രമുഖ ഊർജ ഉൽപാദക രാജ്യങ്ങളെ ആശ്രയിക്കുകയാണെന്ന് സിങ് അറിയിച്ചു.
നിലവിൽ ഒമാൻ, അമേരിക്ക, നൈജീരിയ, അംഗോള തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എൽ.എൻ.ജി ഇറക്കുമതി ചെയ്യന്നുണ്ട്. എക്സൺ മൊബീലുമായുള്ള കരാർ പ്രകാരം ആസ്ത്രേലിയയിലെ ഗോർഗൺ പ്രോജക്റ്റിൽ നിന്ന് ഈ വർഷം 6 ലക്ഷം മെട്രിക് ടൺ എൽ.എൻ.ജി അധികമായി ഇന്ത്യയിലെത്തും. നിലവിൽ, ഈ പ്രോജക്റ്റിൽ നിന്ന് പ്രതിവർഷം 14.2 ലക്ഷം ടൺ എൽ.എൻ.ജി ഇന്ത്യ ഇറക്കുമതി ചെയ്യുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.