ദോഹ: രാത്രിയിൽ വാഹനത്തിന്റെ ലൈറ്റുകൾ തെളിയിക്കാതെ യാത്രചെയ്യുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനമാണെന്ന് ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ നിയമമനുസരിച്ച് രാത്രികാലങ്ങളിൽ ലൈറ്റുകൾ ഉപയോഗിക്കാതിരിക്കുന്നത് കുറ്റകരമാണെന്നും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം ബോധവൽക്കരണ സന്ദേശത്തിൽ വ്യക്തമാക്കി.
സൂര്യാസ്തമയം മുതൽ സൂര്യോദയം വരെയുള്ള സമയങ്ങളിൽ ആവശ്യമായ ലൈറ്റുകൾ തെളിയിക്കാതെ വാഹനങ്ങൾ ഓടിക്കാൻ പാടില്ല. ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 70 അനുസരിച്ച്, പകൽ സമയങ്ങളിൽ മൂടൽമഞ്ഞോ മറ്റ് പ്രതികൂല കാലാവസ്ഥ മൂലമോ കാഴ്ചമറയുന്ന സാഹചര്യങ്ങളിൾ ലൈറ്റുകൾ നിർബന്ധമായും ഉപയോഗിക്കണം. വാഹനങ്ങൾക്ക് മുന്നിലെ ഹെഡ്ലൈറ്റുകളും പിന്നിലെ ലൈറ്റുകളും പ്രവർത്തനക്ഷമമായിരിക്കണം. എതിർദിശയിൽ വാഹനം വരുമ്പോൾ മറ്റ് ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടാതിരിക്കാൻ 'ഡിപ്പ്ഡ് ബീം' അല്ലെങ്കിൽ സൈഡ് ലൈറ്റുകൾ ഉപയോഗിക്കുക.
നിയമലംഘകർക്ക് ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 95 പ്രകാരം 3,000 ഖത്തരി റിയാൽ മുതൽ 10,000 റിയാൽ വരെ പിഴയോ, അല്ലെങ്കിൽ ഒരു ആഴ്ചയിൽ കുറയാത്തതും ഒരു വർഷത്തിൽ കൂടാത്തതുമായ തടവ് ശിക്ഷയോ ലഭിക്കാമെന്ന് അൽ മീസാൻ ലീഗൽ പോർട്ടൽ വ്യക്തമാക്കുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി ഡ്രൈവർമാർ യാത്ര തിരിക്കുന്നതിന് മുമ്പ് വാഹനത്തിലെ ലൈറ്റുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.