ദോഹ: ഖത്തറിലെ സീലൈൻ ബീച്ചിന് സമീപമുള്ള ഖോർ അൽ ഉദൈദ് നാച്ചുറൽ റിസർവിൽ അപൂർവ കടൽക്കുതിരയെ കണ്ടെത്തി. പ്രാദേശികമായി ബുസൈസി’ എന്നറിയപ്പെടുന്ന കടൽക്കുതിരയെയാണ് കണ്ടെത്തിയത്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് സമുദ്രജീവികളെ രേഖപ്പെടുത്തുന്നതിനും അവയുടെ ആവാസവ്യവസ്ഥ നിരീക്ഷിക്കുന്നതിനുമായി നടത്തിയ ഫീൽഡ് സർവേയിലാണ് അപൂർവയിനം കടൽക്കുതിരയെ കണ്ടെത്തിയത്.
കടൽക്കുതിരകളുടെ ആവാസകേന്ദ്രങ്ങളിലൊന്നിൽ കടൽപ്പുല്ല് നിറഞ്ഞ മേഖലയിലാണ് ഇവയെ കണ്ടെത്തിയത്. മേഖലയിൽ നിലവിലെ പാരിസ്ഥിതിക അന്തരീക്ഷം സമുദ്ര ജീവികളുടെ ആവാസ വ്യവസ്ഥക്ക് ഏറെ അനുയോജ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ഡൈവിങ് ടീമിന്റെ പരിശോധനയിൽ പ്രദേശത്ത് പാരിസ്ഥിതിക ആഘാതങ്ങളോ മറ്റ് ലംഘനങ്ങളോ കണ്ടെത്തിയിട്ടില്ല. കടൽക്കുതിരകൾ പാരിസ്ഥിതിക പ്രാധാന്യമുള്ള അപൂർവ കടൽ ജീവിയാണെന്നും മികച്ച സമുദ്ര ആവാസവ്യവസ്ഥയുടെ പ്രധാന സൂചകമാണ് ഇവയുടെ സാന്നിധ്യമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഖോർ അൽ ഉദൈദ് റിസർവിലെ ഇവയുടെ സാന്നിധ്യം ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. കടൽജീവികളെ ബാധിക്കുന്ന ദോഷകരമായ പ്രവർത്തനങ്ങൾ കുറക്കണമെന്നും, ഖത്തറിന്റെ സമ്പന്നമായ സമുദ്ര ജൈവവൈവിധ്യം വരുംതലമുറക്കായി നിലനിർത്തുന്നതിന് നിരീക്ഷണവും സംരക്ഷണ പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.