ഖത്തർ: കാത്തിരുന്നു ലഭിക്കുന്ന അവധിക്കാലത്ത് കുടുംബത്തിലേക്കുള്ള മടക്കം കുളിരാവുന്നതുപോലെ, പ്രവാസികൾക്ക് ആശങ്ക കൂടിയായിരുന്നു കഴിഞ്ഞ കാലങ്ങൾ. 2020 പുതുവർഷാഘോഷത്തിനു പിന്നാലെ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ രാജ്യാന്തര വിമാന യാത്രകളെല്ലാം മുടങ്ങി. ശേഷം, മേയ് മാസത്തേടെയാണ് എയർബബ്ൾ കരാറിന്‍റെ അടിസ്ഥാനത്തിൽ ചാർട്ടേഡ് വിമാനങ്ങളും വന്ദേഭാരത് സർവിസുമെല്ലാം ആരംഭിക്കുന്നത്. അതിനു പിന്നാലെ നിലവിൽ വന്നതായിരുന്നു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന ഫലം എന്ന കടമ്പ. യാത്രക്ക് 72 മണിക്കൂറിനുള്ളിലെ കോവിഡ് പരിശോധനാ നെഗറ്റിവ് ഫലമായിരുന്നു ആവശ്യപ്പെട്ടത്. ഒന്നര വർഷത്തിലേറെ പിന്നിട്ട ഈ പരീക്ഷണമാണ് ഇപ്പോൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
ആർ.ടി.പി.സി.ആർ പരിശോധനകൊണ്ട് യാത്ര മുടങ്ങിയവരുടെ കണ്ണീർ കഥകളും ഇക്കാലത്ത് നിരവധിയായിരുന്നു. രണ്ട് ഡോസും, ബൂസ്റ്റർ ഡോസും സ്വീകരിച്ചിട്ടും ചിലപ്പോൾ പരിശോധനയിൽ പോസിറ്റിവായവർക്ക് യാത്ര മുടങ്ങിയ സംഭവങ്ങൾ നിരവധിയുണ്ടായി. അതിനു പുറമെയായിരുന്നു ഒമിക്രോൺ വ്യാപനത്തിനു പിന്നാലെ ഖത്തർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ആർ.ടി.പി.സി.ആർ പരിശോധനാ ഫലത്തിലെ കാലതാമസം നൽകിയ തിരിച്ചടി. ഖത്തറിൽ ഒമിക്രോൺ പ്രതിദിന കേസുകൾ 4000 വരെയെത്തിയ ജനുവരി ആദ്യവാരത്തിൽ 48 മുതൽ 70 മണിക്കൂർ വരെ ഫലം ലഭിക്കാൻ സമയമെടുത്തതോടെ നിരവധി പേർക്കാണ് യാത്ര മുടങ്ങിയത്. ഇതിനു പുറമെ, വലിയൊരു സാമ്പത്തിക ഭാരം കുറയുന്നതിന്‍റെ ആശ്വാസവുമുണ്ട്. നിലവിൽ ഏറ്റവും വേഗത്തിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലം മൂന്ന് മണിക്കൂറിനുള്ളിലാണ് ലഭിക്കുന്നത്. അടിയന്തര യാത്രക്കാർക്ക് ആശ്വാസമായ ഈ പരിശോധനക്ക് സിദ്ര മെഡിസിനിൽ 660 റിയാലാണ് നിരക്ക്. എട്ടു മണിക്കൂറിൽ ഫലം ലഭിക്കാൻ 300 റിയാലും, സാധാരണ 18 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുന്നതിന് 160 റിയാലുമാണ് െചലവ്. നാലു പേരടങ്ങുന്ന കുടുംബത്തിന് യാത്ര ചെയ്യണമെങ്കിൽ ചുരുങ്ങിയത് 640 റിയാലെങ്കിലും പരിശോധനക്ക് െചലവാക്കേണ്ടി വരും. കേന്ദ്ര സർക്കാറിന്‍റെ പുതിയ നിർദേശം പ്രാബല്യത്തിൽ വരുന്നതോടെ ഈ അമിതഭാരവും പ്രവാസികൾക്ക് ഒഴിവാകുകയാണ്.
അടുത്ത ബന്ധുക്കളുടെ മരണം, ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്ക് നാട്ടിലേക്ക് അടിയന്തര യാത്ര ചെയ്യേണ്ടവർക്ക് എയർ സുവിധ പോർട്ടലിൽ നേരത്തേ നൽകിയ ഇളവ് ഒഴിവാക്കിയതും കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രവാസികൾക്ക് തിരിച്ചടിയായിരുന്നു. ആർ.ടി.പി.സി.ആർ പരിശോധനാ ഫലം നിർബന്ധമായതോടെ പിതാവ് മരണപ്പെട്ടപ്പോൾ നാട്ടിലേക്കുള്ള യാത്രമുടങ്ങിയ സംഭവങ്ങൾ 'ഗൾഫ് മാധ്യമ'വും റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ ഇളവുകൾ പ്രകാരം വാക്സിൻ സ്വീകരിച്ച പ്രവാസികൾക്ക് കോവിഡ് പരിശോധനയുടെ കടമ്പയില്ലാതെതന്നെ അടിയന്തര സാഹചര്യങ്ങളിൽ നാട്ടിലേക്ക് മടങ്ങാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.