ദോഹ: റസ്റ്റാറന്‍റുകളിൽ ഉപഭോക്താവിന് മിനിമം ഓർഡർ നിബന്ധന നിർദേശിക്കുന്നത് വിലക്കിക്കൊണ്ട് വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവ്. ഉപഭോക്താവ് ആവശ്യമുള്ള ഭക്ഷണത്തിന് മാത്രം ഓർഡർ നൽകിയാൽ മതിയാവും. ആവശ്യത്തിൽ അധികം ഓർഡർ ചെയ്യുകയോ അതിന്‍റെ തുക നൽകുകയോ വേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി. വാണിജ്യ-വ്യവസായ മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇതുസംബന്ധിച്ച് വിശദമാക്കിയത്.
'മിനിമം ചാർജ് എന്നൊരു സംവിധാനമില്ല. മിനിമം ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണ്. ആവശ്യമില്ലാത്ത വസ്തുക്കൾ ഉപഭോക്താക്കൾ ഓർഡർ ചെയ്യുകയോ ഇവക്ക് അധിക തുക നൽകുകയോ വേണ്ടതില്ല'-മന്ത്രാലയം പങ്കുവെച്ച ട്വീറ്റിൽ വ്യക്തമാക്കി. ഉപഭോക്താക്കളുടെ സ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ടാണ് ഇക്കാര്യത്തിൽ വാണിജ്യ മന്ത്രാലയം വിശദീകരണം നൽകിയത്.
രാജ്യത്തെ ചില ഹോട്ടലുകളിൽ ഉപഭോക്താക്കളോട് മിനിമം ഓർഡർ നൽകണമെന്ന് നിർദേശിക്കുന്നതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. ഇതു സംബന്ധിച്ച പരാതികൾ മന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽപെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നിർദേശമെന്ന് 'അൽ ശർഖ്' പത്രം റിപ്പോർട്ട് ചെയ്തു. റസ്റ്റാറന്‍റുകളുടെ മിനിമം ഓർഡർ നിർദേശ പ്രകാരം ഉപഭോക്താവ് അധിക ഭക്ഷണത്തിന് ഓർഡർ ചെയ്യാൻ നിർബന്ധിതരായി മാറി. ഇവ ഭക്ഷണം പാഴാകാനും അധിക തുക നൽകാനുമുള്ള സാഹചര്യമായി മാറിയിരുന്നു.
ഉപഭോക്താക്കളുടെ ഇഷ്ടവും അഭിരുചിയും സംരക്ഷിക്കുന്നതും ഭക്ഷ്യസ്വാതന്ത്ര്യം നൽകുന്നതുമാണെന്ന് ഉപഭോക്താക്കൾ പ്രതികരിച്ചു. മന്ത്രാലയത്തിന്റെ തീരുമാനത്തെ റസ്റ്റാറന്‍റ് ഉടമകളും സ്വാതഗം ചെയ്തു. മിനിമം ഓർഡർ സിസ്റ്റം പ്രയോഗിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന സർക്കുലർ എല്ലാ റസ്റ്റാറന്റുകൾക്കും ഹോട്ടലുകൾക്കും കഫേകൾക്കും മറ്റ് സമാന സ്റ്റോറുകൾക്കും മന്ത്രാലയം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.