പശ്ചിമേഷ്യയിലെ യുദ്ധം നിയന്ത്രണാതീതമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു -ഖത്തർ

ദോഹ: പശ്ചിമേഷ്യയിലെ യുദ്ധം നിയന്ത്രണാതീതമായ സാഹചര്യത്തിലേക്ക് നീങ്ങുന്നുവെന്നും പ്രശ്ന പരിഹാരത്തിനുള്ള നയതന്ത്ര സാധ്യതകൾ അതിവേഗം ഇല്ലാതാവുകയാണെന്നും ഖത്തറിന്റെ മുന്നറിയിപ്പ്. 2023 ൽ സംഘർഷം ആരംഭിച്ചതു മുതൽ ഖത്തർ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

മേഖലയിലെ സാഹചര്യം നിയന്ത്രണാതീതമായി മാറുന്ന അവസ്ഥയിലാണ്. കൂടുതൽ സംഘർഷങ്ങളിലേക്ക് നീങ്ങുന്നതിനുമുമ്പ് യുദ്ധം അവസാനിപ്പിക്കാൻ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നതായും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മാജിദ് അൽ അൻസാരി പ്രതിവാര വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.

യുദ്ധം നീണ്ടുപോകുന്നത് ഒരു രാജ്യത്തിന്റെയും ദീർഘകാല താൽപര്യങ്ങൾക്ക് ഗുണകരമാകില്ല. അത് മേഖലയിലും അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയിലും ഊർജ വിപണികളിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. യുദ്ധം തുടർന്നാൽ വിജയികളായി ആരും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിലെ സുരക്ഷ സാഹചര്യത്തെ മാത്രമല്ല, പാരിസ്ഥിതിക-മാനുഷിക സാഹചര്യത്തെയും ദോഷകരമായി ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള സംഘർഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു.

യുദ്ധം ആരംഭിച്ചതിനുശേഷം ചില നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളുണ്ടായി. ഏത് ഭാഗത്തുനിന്നുള്ളതായാലും സിവിലിയൻ -ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.

ഹുർമുസ് കടലിടുക്കിനെ സംബന്ധിച്ചുള്ള തർക്കങ്ങളെക്കുറിച്ചും മാജിദ് അൽ അൻസാരി നിലപാട് വ്യക്തമാക്കി. ഹുർമുസ് പ്രകൃതിദത്തമായ ഒരു കടലിടുക്കാണ്, അതൊരു കൃത്രിമ കനാലല്ല. മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും അത് സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, അടുത്ത മണിക്കൂറുകളിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എല്ലാവരും ആശങ്കയോടെയാണ് നോക്കികാണുന്നതെന്നും പങ്കുവെച്ചു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നത് തുടരുമെന്നും പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിൽ പാകിസ്താനും മറ്റ് മധ്യസ്ഥ രാഷ്ട്രങ്ങളും നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - The war in the Middle East is moving towards an uncontrollable situation - Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.