ഓർമയിൽ മായാത്ത മറഡോണയും മെക്സികോ ലോകകപ്പും

കേരള മറഡോണയെന്നുകൂടി ആസിഫ് സഹീറിന് വിളിപ്പേരുണ്ട്. കേരളത്തിനായി ഏഴ് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പുകളിൽ ബൂട്ടുകെട്ടിയ താരം. ഒരു തവണ കിരീടവും രണ്ടുവട്ടം റണ്ണേഴ്സ് അപ്പുമായി. എസ്.ബി.ടിയുടെ ഗോൾ മെഷീനായി ഏറെ കാലം പന്തുതട്ടി. ഡീഗോ മറഡോണയും അർജന്‍റീനയും തന്‍റെ മനസ്സിൽ കൂടുകെട്ടിയ 1986 ലോകകപ്പ് ഓർമ പങ്കുവെക്കുകയാണ് ആസിഫ് സഹീർ




 

ഫുട്ബാൾ ഞങ്ങൾക്ക് ഒരു കുടുംബക്കാര്യം കൂടിയാണ്. ബാപ്പയുടെയും ഉമ്മയുടെയും കുടുംബത്തിന്‍റെ ഏറ്റവും വിശേഷപ്പെട്ടതായിരുന്നു ഫുട്ബാൾ. സഹോദരങ്ങളും എളാപ്പമാരും കസിൻ സഹോദരങ്ങളുമെല്ലാം മിടുക്കരായ കളിക്കാരുംകൂടി ആയതിനാൽ കുഞ്ഞുനാളിൽതന്നെ കണ്ടുംകേട്ടും വളർന്നത് ഫുട്ബാളായിരുന്നു. ലോകകപ്പ് പ്രത്യേക വികാരമായി കൂടെക്കൂടി. ഓരോ ലോകകപ്പ് വരുമ്പോഴും ആകാംക്ഷയോടെ കാത്തിരിക്കും.

ഓർമയിലെ ആദ്യ ലോകകപ്പ് 1986ൽ ഡീഗോ മറഡോണയുടെ അർജന്‍റീന കിരീടമണിഞ്ഞതുതന്നെ. എട്ടോ ഒമ്പതോ മാത്രമായിരുന്നു പ്രായം. വീട്ടിൽ ടി.വിയൊന്നുമില്ല. അയൽവീട്ടിലെ ടി.വിയായിരുന്നു ആശ്രയം. മുതിർന്നവരോടൊപ്പം ആ വീട്ടിലെത്തുന്നതും പുരയിടത്തിനു മുകളിൽ കയറി ടി.വിയിലെ ദൃശ്യങ്ങൾ വ്യക്തമാകുന്നതുവരെ ആന്‍റിന തിരിച്ച് സിഗ്നൽ കണ്ടെത്താൻ പാടുപെടുന്നതുമെല്ലാം പതിറ്റാണ്ടുകൾക്കിപ്പുറവും ബ്ലാക്ക് ആൻഡ് വൈറ്റ് ഓർമകളായി മനസ്സിലുണ്ട്. ഡീഗോ മറഡോണയെന്ന ഇതിഹാസത്തിന്‍റെ പേര് മനസ്സിൽ പതിയുന്ന ലോകകപ്പ് കൂടിയായിരുന്നു അത്.

അന്ന് തലയിൽ കൂടിയ ഡീഗോ മറഡോണ പിന്നെ ഒരിക്കലും കുടിയിറങ്ങിയിട്ടില്ല. പിന്നീട് പല ലോകകപ്പുകളും പല ചാമ്പ്യന്മാരും ഇതിഹാസ താരങ്ങളുമെല്ലാം വന്നുപോയെങ്കിലും 1986 മെക്സികോയും ഡീഗോ മറഡോണയും എന്‍റെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ലോകകപ്പായിത്തന്നെ തുടർന്നു. വലിയ ആൾക്കൂട്ടത്തിന്‍റെ ആരവങ്ങൾക്കിടയിലായിരുന്നു കുഞ്ഞുപ്രായക്കാരനായ ഞാനും മത്സരങ്ങൾ കണ്ടത്. ഡീഗോ മറഡോണയുടെ പദചലനങ്ങളും കളിക്കളത്തിലെ നീക്കങ്ങളും ശൈലികളുമെല്ലാം മനപ്പാഠമായി. പിന്നീട്, കൂട്ടുകാർക്കൊപ്പം കളിക്കാനിറങ്ങുമ്പോഴെല്ലാം ഡീഗോയെ അനുകരിക്കാൻ തുടങ്ങി. ഫുട്ബാൾ പ്രഫഷനൽ കരിയറായി മാറിയപ്പോൾ ഗാലറിയിൽനിന്ന് ഉയർന്നുകേട്ടതും മറഡോണയുടെ പേര് ചേർത്തായിരുന്നുവെന്നത് സന്തോഷം പകരുന്ന ഓർമയാണ്.

1986 മുതൽ ഇതുവരെ എല്ലാ ലോകകപ്പ് മത്സരങ്ങളും വിടാതെ കാണാറുണ്ട്. ഡീഗോ മറഡോണയും അർജന്‍റീനയും കഴിഞ്ഞാൽ റൊണാൾഡോ, റിവാൾഡോ, കകാ എന്നിവരുടെ ബ്രസീൽ ടീമിന്‍റെ കളികൾ എന്നും ഓർമയിൽ തങ്ങുന്നതാണ്.

2018 റഷ്യയായിരുന്നു നേരിട്ട് പോയി കണ്ട ലോകകപ്പ്. സ്പെയിൻ -റഷ്യ, അർജന്‍റീന-ഫ്രാൻസ് മത്സരങ്ങൾ കാണാൻ കഴിഞ്ഞതും എന്നും ആവേശമായി തുടരുന്ന വികാരമാണ്.

ലോകത്തെ ഏറ്റവും കരുത്തരായ ഫുട്ബാൾ രാജ്യങ്ങളെയും വെല്ലുന്നതാണ് കേരളത്തിന്‍റെ മണ്ണിലെ ഫുട്ബാൾ ആവേശം. ഇവിടെ ബ്രസീലും അർജന്‍റീനയും ഇംഗ്ലണ്ടും മുതൽ ബെൽജിയം, ക്രൊയേഷ്യ, സെനഗാൾ, ഈജിപ്ത് വരെ ടീമുകൾക്കും ആരാധകരുണ്ട്. കളി തോറ്റാലും ജയിച്ചാലും മത്സരത്തെ പോസിറ്റിവായി വിശകലനം ചെയ്യാനുള്ള മിടുക്കും മലയാളിക്കുണ്ട്.

എന്തായാലും ഖത്തറിൽ ലോകകപ്പ് എത്തുമ്പോൾ മലയാളി ആരാധകർക്ക് ആവേശമാണ്. കളി കാണാൻ വലിയൊരു ആരാധകക്കൂട്ടം തന്നെയുണ്ടാവും. അവർക്കൊപ്പം ടിക്കറ്റുമെടുത്ത് കാത്തിരിപ്പിലാണ് ഞാനും. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, കിലിയൻ എംബാപ്പെ തുടങ്ങി ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടി സാന്നിധ്യമുള്ള ലോകകപ്പായിരിക്കും ഇത്. നമ്മൾക്ക് ഒന്നിച്ച് പൊളിക്കാം...

Tags:    
News Summary - The unforgettable Maradona and the Mexico World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.