ദോഹ: ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനെ തുടർന്ന് ഒരു ആഴ്ചത്തേക്ക് അടച്ചുപൂട്ടിയ തലബാത്ത് ഡെലിവറി പ്ലാറ്റ്ഫോം വീണ്ടും തുറക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം ആവശ്യപ്പെട്ട തിരുത്തൽ നടപടികൾ കമ്പനി പൂർണമായും പാലിച്ചതിനെത്തുടർന്നാണ് തീരുമാനം.
2008ലെ എട്ടാം നമ്പർ നിയമത്തിലെയും അതിന്റെ എക്സിക്യൂട്ടിവ് റെഗുലേഷൻസിലെയും ആർട്ടിക്കിൾ 7, 11 എന്നിവ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ബുധനാഴ്ച തലബാത്ത് ഡെലിവറി പ്ലാറ്റ്ഫോം സ്ഥാപനം അടച്ചുപൂട്ടാൻ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുക, അന്യായമായി പണം ഈടാക്കുക, ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ ഉറപ്പുവരുത്താതിരിക്കുക തുടങ്ങിയ പരാതികളെ തുടർന്നാണ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചത്.
കമ്പനി ഉപഭോക്തൃ അവകാശങ്ങളും ദേശീയ നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തി. നടപടികളുടെ ഭാഗമായി 11.4 ലക്ഷം ഖത്തർ റിയാൽ പിഴ ചുമത്തിയിരുന്നു. തലബാത്തിന്റെ സഹകരണവും സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും പരിഗണിച്ചാണ് പ്രവർത്തനം പുനരാരംഭിക്കാൻ മന്ത്രാലയം അനുമതി നൽകിയത്. ഇതിന്റെ ഭാഗമായി മന്ത്രാലയത്തിന് സമർപ്പിച്ച എല്ലാ കേസുകളും പരിഹരിക്കാനും തുടർന്ന്, സ്ഥിരം കാൾ സെന്റർ സ്ഥാപിക്കാനും തീരുമാനിച്ചു.
ഉപഭോക്തൃ അവകാശങ്ങളുടെ സംരക്ഷണം, നിയമങ്ങൾ പാലിക്കാൻ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.