വേൾഡ് റോബോട്ട് കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ താഹ മുഹമ്മദ്
ദോഹ: ബെയ്ജിങ്ങിൽ നടന്ന 10ാത് വേൾഡ് റോബോട്ട് കോൺഫറൻസിൽ (ഡബ്ല്യു.ആർ.സി -2025) പ്രത്യേക ക്ഷണിതാവായി ഐ.ബി.പി.സി പ്രസിഡന്റും ദോഹയിലെ പ്രമുഖ വ്യക്തിത്വവും മലയാളിയുമായ താഹ മുഹമ്മദ് അബ്ദുൽ കരീം പങ്കെടുത്തു. ആഗസ്റ്റ് എട്ടു മുതൽ 12 വരെ ബെയ്ജിങ്ങിൽ നടന്ന കോൺഫറൻസ്, റോബോട്ടിക്സ് വ്യവസായത്തിലെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയായാണ് കണക്കാക്കപ്പെടുന്നത്.
ബെയ്ജിങ് മുനിസിപ്പൽ ഗവൺമെന്റ്, വ്യവസായ വിവര സാങ്കേതിക മന്ത്രാലയം, ചൈന അസോസിയേഷൻ ഫോർ സയൻസ് ആൻഡ് ടെക്നോളജി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന വേൾഡ് റോബോട്ട് കോൺഫറൻസ് (ഡബ്ല്യു.ആർ.സി) റോബോട്ടിക്സ് വ്യവസായത്തിലെ അക്കാദമിക് എക്സ്ചേഞ്ച്, പ്രദർശനം, മത്സരം എന്നിവക്കുള്ള അന്താരാഷ്ട്ര വേദിയാണ്. റോബോട്ടിക്സ് മേഖലയിലെ പുതിയ ട്രെൻഡുകൾ ചർച്ച ചെയ്യാനും അത്യാധുനിക സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കാനും സഹകരണം പ്രോത്സാഹിപ്പിക്കാനും ഈ കോൺഫറൻസ് ലോകമെമ്പാടുമുള്ള വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്നു. 27 രാജ്യങ്ങളിൽനിന്നുള്ള 2000ത്തിലധികം വിദഗ്ധരും സംരംഭകരും പങ്കെടുത്ത കോൺഫറൻസിൽ, ‘റോബോട്ടുകളെ കൂടുതൽ മികച്ചതാക്കുക, എംബഡിഡ് ഏജന്റുകളെ മികവുറ്റതാക്കുക’ എന്ന വിഷയത്തിൽ മനുഷ്യരൂപമുള്ള റോബോട്ടുകളെയും നൂതന സാങ്കേതികവിദ്യകളെയും പരിചയപ്പെടുത്തി. ഉദ്ഘാടന ചടങ്ങിൽ റോബോട്ട് വേൾഡ് 2.0 എന്ന പുതിയ പ്ലാറ്റ്ഫോമിന് തുടക്കംകുറിച്ചു.
കോൺഫറൻസിൽ പങ്കെടുത്ത താഹ മുഹമ്മദ്, ‘ഗൾഫിൽനിന്ന് ലോകത്തേക്ക്: ഖത്തറിന്റെ എ.ഐയും റോബോട്ടിക്സിന്റെ ഭാവിയും’ എന്ന വിഷയത്തിൽ നടത്തിയ പ്രസംഗം പരിപാടിയിൽ സംബന്ധിച്ച ഗവേഷകർ, എൻജിനീയർമാർ, വ്യവസായ പ്രമുഖർ എന്നിവരടങ്ങുന്ന സദസ്സിനെ ആകർഷിച്ചു. ഖത്തറിനെ പ്രതിനിധാനം ചെയ്ത് ആഗോള വേദിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയാണെന്ന് താഹ മുഹമ്മദ് അബ്ദുൽ കരീം പറഞ്ഞു. ഈ അനുഭവങ്ങളും ബന്ധങ്ങളും ദോഹയിലെ പ്രാദേശിക സാങ്കേതിക മുന്നേറ്റങ്ങൾക്ക് കൂടുതൽ സംഭാവന നൽകാനും അടുത്ത തലമുറയിലെ കണ്ടുപിടിത്തക്കാർക്ക് പ്രചോദനമാകണമെന്നും ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ അറിയപ്പെടുന്ന പ്രഭാഷകനായ താഹ മുഹമ്മദ് അബ്ദുൽ കരീം, ബിസിനസ് കൺസൾട്ടിങ്, റീട്ടെയിൽ, ബാങ്കിങ്, ഫിനാൻഷ്യൽ സർവിസസ്, വ്യാപാരം, സ്ട്രാറ്റജിക് അഡ്വൈസിങ് എന്നീ മേഖലകളിൽ അനുഭവസമ്പത്തുണ്ട്. നിലവിൽ അദ്ദേഹം ഖത്തറിലെ രാജകുടുംബാംഗങ്ങളുടെ പ്രത്യേക കൺസൾട്ടന്റായി സേവനമനുഷ്ഠിക്കുന്നു. ഖത്തറിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ മസ്കർ ഗ്രൂപ്പിന്റെ ഗ്രൂപ് ജനറൽ മാനേജറും ഡയറക്ടർ ബോർഡ് അഡ്വൈസറും, വൈവിധ്യമാർന്ന ബിസിനസ് സ്ഥാപനമായ വാത്നാൻ ഹോൾഡിങ്ങിന്റെ കൺസൾട്ടന്റുമാണ് അദ്ദേഹം. യു.എസിലെ അർക്കൻസാസ് സ്റ്റേറ്റിന്റെ ഗുഡ്വിൽ അംബാസഡർ എന്ന പദവിയും അദ്ദേഹത്തിന് ലഭിച്ചു.
ജി.സി.സിയിലെ ഹാർവാർഡ് ബിസിനസ് സ്കൂൾ ക്ലബിന്റെ സെക്രട്ടറിയും ബോർഡ് പ്രതിനിധിയും ഖത്തറിലെ കൺട്രി ഹെഡും ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഖത്തറിലെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽസ് കൗൺസിൽ (ഐ.ബി.പി.സി) പ്രസിഡന്റുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.