ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല

പുതിയ വിദ്യാർഥികളുടെ ഫീസിൽ ഭേദഗതി വരുത്തി ഖത്തർ സർവകലാശാല

ദോഹ: ഖത്തരികളല്ലാത്ത വിദ്യാർഥികളുടെ ബിരുദ കോഴ്സുകളിലേക്കുള്ള ട്യൂഷൻ ഫീസിൽ ഭേദഗതി വരുത്തി ഖത്തർ സർവകലാശാല. ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ ട്യൂഷൻ ഫീസിലും യൂനിവേഴ്സിറ്റി ഹൗസിങ് ഫീസിലും ഭേദഗതി വരുത്തിയിട്ടുണ്ട്. 2023 ഫാൾ സെമസ്റ്റർ മുതൽ ഫീസ് ഭേദഗതി പ്രാബല്യത്തിൽ വരും. ഖത്തരി ഇതര ബിരുദ വിദ്യാർഥികൾക്കും ബിരുദാനന്തര വിദ്യാർഥികൾക്കും ട്യൂഷൻ ഫീസിനത്തിലും സർവകലാശാല ഹൗസിങ് നിരക്കിലും വർധനയുണ്ടാകുമെന്ന് സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

സർവകലാശാല അംഗീകരിച്ച ഭേദഗതി പ്രകാരം എജുക്കേഷൻ കോളജ്, ലോ കോളജ്, ശരീഅ കോളജ്, ഇസ്ലാമിക് സ്റ്റഡീസ് കോഴ്സുകൾക്കും ആർട്സ് ആൻഡ് സയൻസ് കോളജിലെ ലിറ്ററേച്ചർ കോഴ്സുകൾക്കും ബാച്ചിലേഴ്സ് ലെവലിൽ പുതിയ ട്യൂഷൻ ഫീസ് മണിക്കൂറിന് 1100 റിയാൽ ആയിരിക്കും. കോളജ് ഓഫ് അഡ്മിനിസ്ട്രേഷൻ ആൻഡ് ഇക്കണോമിക്സ്, കോളജ് ഓഫ് ഹെൽത്ത് സയൻസ്, കോളജ് ഓഫ് നഴ്സിങ്, ഫൗണ്ടേഷൻ പ്രോഗ്രാം എന്നിവയുടെ കോഴ്സുകൾക്കും ആർട്സ് ആൻഡ് സയൻസ് കോളജിലെ ശാസ്ത്ര കോഴ്സുകൾക്കും പുതുക്കിയ നിരക്കുകൾ പ്രകാരം മണിക്കൂറിന് 1200 റിയാലായിരിക്കും.

എൻജിനീയറിങ് കോളജ്, ഫാർമസി കോളജ്, അറബി ഭാഷ പ്രോഗ്രാം എന്നിവയുടെ കോഴ്സുകൾക്ക് മണിക്കൂറിന് 1400 റിയാലായി വർധിപ്പിച്ചപ്പോൾ മെഡിസിൻ, ഡെന്റിസ്ട്രി കോളജുകളിലെ ഒന്നാം വർഷ വിദ്യാർഥികൾക്ക് വാർഷിക ഫീസായി 38,000 റിയാലും രണ്ടും മൂന്നും വർഷ വിദ്യാർഥികൾക്ക് വാർഷിക ഫീസായി 72,000 റിയാലും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. നാലാം വർഷത്തെ വാർഷിക ഫീസ് 1,08,000 റിയാലും അഞ്ചും ആറും വർഷത്തെ ഫീസ് 1,38,000 റിയാലും ആയിരിക്കും. മെഡിസിൻ, ഡെന്റിസ്ട്രി ഫാക്കൽറ്റികൾക്കുള്ള ട്യൂഷൻ ഫീസ് വിദ്യാർഥി രജിസ്റ്റർ ചെയ്തിരിക്കുന്ന കോഴ്സുകളെ ആശ്രയിച്ച് മാറ്റങ്ങൾ വരാനിടയുണ്ടെന്നും സർവകലാശാല അറിയിച്ചു.

ബിരുദാനന്തര കോഴ്സുകൾ, മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകൾ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, ഡോക്ടർ ഓഫ് ഫാർമസി പ്രോഗ്രാമുകൾ എന്നിവയുടെ ഫീസ് മണിക്കൂറിന് 2200 ആയി വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, വിദ്യാഭ്യാസ ഡിപ്ലോമ പ്രോഗ്രാം കോഴ്സുകളുടെ ഫീസ് മണിക്കൂറിന് 2000 റിയാലായിരിക്കും. വിദ്യാർഥികളുടെ ഹൗസിങ് ഫീസുമായി ബന്ധപ്പെട്ട്, സിംഗിൾ ഒക്യുപെൻസിക്ക് ചെറിയ മുറികളുടെ ഫീസ് പ്രതിമാസം 2000 റിയാൽ ആയിരിക്കും. വലിയ മുറികൾക്ക് പ്രതിമാസം 1100-2600 റിയാലായി വർധിപ്പിച്ചു.

2023 മുതൽ സർവകലാശാലയിൽ ചേരുന്ന വിദ്യാർഥികൾക്ക് പുതുക്കിയ നിരക്ക് ബാധകമാകുമെന്നും നിലവിലെ വിദ്യാർഥികളെ ഇത് ബാധിക്കില്ലെന്നും സർവകലാശാല വ്യക്തമാക്കി. ഹോസ്റ്റലിലെ താമസം, മൂന്നു സമയത്തെ ഭക്ഷണം, റെസിഡൻസ് യൂനിറ്റുകളിൽനിന്ന് കാമ്പസിലെ വിവിധ കെട്ടിടങ്ങളിലേക്കും കോളജുകളിലേക്കുമുള്ള ഗതാഗതം എന്നിവ ഉൾപ്പെടുന്നതായിരിക്കും ഫീസ് എന്നും അധികൃതർ സൂചിപ്പിച്ചു. 

Tags:    
News Summary - Qatar University has amended the fees for new students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.