ഖത്തർ ടൂറിസം അവാർഡ് നടപടികൾ ടൂറിസം ഡെവലപ്മെന്റ് മേധാവി ഉമർ അൽ ജാബിർ വിശദീകരിക്കുന്നു
ദോഹ: ഖത്തറിലെ വിനോദസഞ്ചാര മേഖലയിലെ പ്രതിഭകളെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന ഖത്തർ ടൂറിസം അവാർഡ് 2025ന് തുടക്കം. വിവിധ മേഖലകളിലെ പുരസ്കാരങ്ങൾക്കായി ആഗസ്റ്റ് ഏഴുവരെ അപേക്ഷിക്കാമെന്ന് ഖത്തർ ടൂറിസം അറിയിച്ചു. ഖത്തർ ടൂറിസം അവാർഡിന്റെ മൂന്നാമത് പതിപ്പിനാണ് ഇത്തവണ തുടക്കം കുറിച്ചത്. ഐക്യരാഷ്ട്രസഭക്കു കീഴിലെ വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി സഹകരിച്ചാണ് ഖത്തർ ടൂറിസം അവാർഡ് ഏർപ്പെടുത്തുന്നത്. വിനോദ സഞ്ചാര മേഖലയിൽ മികവുറ്റ സംഭാവനകൾ നൽകുന്ന വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളുമാണ് അവാർഡിനായി പരിഗണിക്കുന്നത്. വിനോദസഞ്ചാര മേഖലക്ക് പ്രോത്സാഹനം നൽകുന്ന മത്സരസാഹചര്യം സൃഷ്ടിക്കലും പ്രധാന ലക്ഷ്യമാണ്.
യു.എൻ ടൂറിസവുമായി സഹകരിച്ചായിരിക്കും ഇത്തവണ അവാർഡ് നിർണയ നടപടികൾ പൂർത്തിയാക്കുന്നത്. പ്രാദേശിക, അന്താരാഷ്ട്ര തലത്തിലെ പാനൽ സംയുക്തമായാവും വിധിനിർണയം നടത്തുന്നത്.
വിവിധ സ്റ്റാർ ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂർ ഗൈഡ്, ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനി, ഷെഫ് ഓഫ് ദ ഇയർ എന്നിവ ഉൾപ്പെടുന്ന സർവിസ് എക്സലൻസ് അവാർഡ്. മികച്ച ഡൈനിങ് എക്സിപീരിയൻസ്, പ്രീമിയർ സേവനം, കഫേ, ഖത്തരി ഡൈനിങ്, ഔട്സ്റ്റാൻഡിങ് റസ്റ്റാറന്റ് എന്നിവ ഉൾപ്പെടുന്ന ഗാസ്ട്രോണമിക് എക്സ്പീരിയൻസ്. സാംസ്കാരിക ടൂറിസം കേന്ദ്രം, സാഹസിക വിനോദകേന്ദ്രം, റീട്ടെയിൽ ബ്രാൻഡ്, പ്രീമിയർ ഷോപ്പിങ് മാൾ, തീം പാർക്ക്, മികച്ച പ്രാദേശിക കേന്ദ്രം എന്നിവ ഉൾപ്പെടുന്ന ഐക്കണിക് അട്രാക്ഷൻ. കലാസാംസ്കാരിക വേദികൾ, സ്പോർട്സ് മേളകൾ എന്നിവ ഉൾപ്പെടുന്ന വേൾഡ് ക്ലാസ് ഇവന്റ്സ്.
ഔട്സ്റ്റാൻഡിങ് ഡെസ്റ്റിനേഷൻ കാമ്പയിൻ, ടൂറിസം ഇൻഫ്ലുവൻസർ (കണ്ടന്റ് ക്രിയേറ്റർ) എന്നിവ ഉൾപ്പെടുന്ന ഡിജിറ്റൽ ഫൂട്ട്പ്രിന്റ്. ഹോട്ടൽ ജനറൽ മാനേജർമാർ ഉൾപ്പെടുന്നവരെ പരിഗണിക്കുന്ന കമ്യൂണിറ്റി ലീഡർഷിപ്. ടൂറിസം ഇന്നവേഷൻ, സുസ്ഥിര ടൂറിസം, പരിസ്ഥിതി സൗഹൃദ താമസം എന്നിവ ഉൾപ്പെടുന്ന സ്മാർട്ട് ആൻഡ് സസ്റ്റയ്നബിൾ ടൂറിസം എന്നിങ്ങനെയാണ് അവാർഡ് വിഭാഗങ്ങൾ.
ആഗസ്റ്റ് ഏഴുവരെ ലഭിക്കുന്ന അപേക്ഷകളിൽ നിന്നും ഒക്ടോബറോടെ അന്തിമപട്ടിക തയാറാക്കും. നവംബർ 26ന് ആണ് അവാർഡ് പ്രഖ്യാപനവും വിതരണവും. www.qatartourism.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.