ഖത്തർ ഫുട്ബാൾ താരം അക്രം അഫിഫി പരിശീലനത്തിൽ
ദോഹ: ലോകകപ്പിനൊരുങ്ങുന്ന ഖത്തറിന് ഏറ്റവും വലിയ അഗ്നി പരീക്ഷയാണ് കാത്തിരിക്കുന്നത്.
മികച്ച എതിരാളികളെ തേടി യൂറോപ്പിലേക്ക് പറന്ന ഫെലിക്സ് സാഞ്ചസിന് ഇതിനേക്കാൾ മികച്ചൊരു എതിരാളിയെ വേറെ കിട്ടാനുണ്ടാവില്ല. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗൽ. ശനിയാഴ്ച ഖത്തർ സമയം രാത്രി 7.45ന് ഹംഗറിയിലെ ഡ്രെബ്രിസിനിലാണ് മത്സരം. ബുധനാഴ്ച രാത്രിയിലെ പോരാട്ടത്തിൽ സെർബിയയോട് മറുപടിയില്ലാത്ത നാല് ഗോളിന് തോറ്റെങ്കിലും കരുത്തരായ എതിരാളിയോട് ഏറ്റുമുട്ടി ഏറെ പാഠങ്ങളുമായാണ് ഖത്തർ അടുത്ത അങ്കത്തിനിറങ്ങുന്നത്. ഗോൾ കീപ്പിങ്ങിൽ സാദ് അൽ ഷീബ് മുതൽ മുന്നേറ്റത്തിൽ അൽമുഈസ് അലിയും ഹസൻ ഹൈദോസ് വരെയുള്ള മുൻനിരതാരങ്ങൾ ഏറെ പരീക്ഷിക്കപ്പെട്ടു.
എന്നാൽ, ആ സെർബിയയേക്കാൾ കരുത്തരാണ് ശനിയാഴ്ചത്തെ എതിരാളി പോർചുഗൽ. ഫിഫ റാങ്കിങ്ങിൽ എട്ടാം സ്ഥാനക്കാർ. മുൻ യൂറോപ്യൻ ചാമ്പ്യന്മാർ. ക്രിസ്റ്റ്യാനോ റൊണാൾഡോ മുതൽ ഡീഗോ ജോട്ട, ബ്രൂണോ ഫെർണാണ്ടസ്, റൂബൻ ഡയസ്, പെപെ, റുയി പ്രാട്രിഷ്യോ തുടങ്ങി ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങളാണ് മറുപാതിയിൽ. അതേസമയം, ബുധനാഴ്ച നടന്ന യൂറോപ്യൻ യോഗ്യത റൗണ്ടിൽ അയർലൻഡിനെ തോൽപിച്ച ടീമിൽ നിന്നും അടിമുടി മാറ്റങ്ങളുമായാവും കോച്ച് ഫെർണാണ്ടോ സാേൻറാസ് ഖത്തറിനെതിരെ ടീമിനെ ഇറക്കുക. എങ്കിലും, പോർചുഗലിന്‍റെ റിസർവ് ബെഞ്ചിനുമുണ്ട് ലോകനിലവാരം. ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാനിടയില്ലെന്നാണ് ടീം ക്യാമ്പിലെ റിപ്പോർട്ടുകൾ. ദേശീയ ടീമിൽ അരങ്ങേറ്റം കാത്തിരിക്കുന്ന ഒറ്റാവിയോ, ഗോളി ഡീഗോ കോസ്റ്റ എന്നിവർക്കൊപ്പം, നെൽസൺ സെമിഡോ, റൂബൻ നെവസ്, ജോ മൗടീന്യോ എന്നിവരാവും െപ്ലയിങ് ഇലവനിൽ. പരിചയ സമ്പന്നനായ ആന്ദ്രെ സിൽവയാവും ക്രിസ്റ്റ്യനോയുടെ റോളിൽ. കൂട്ടായി ഗോൺസാലോ ഗ്യൂഡസിനെയും പ്രതീക്ഷിക്കാം.
പോർചുഗലിനെതിരെ ഖത്തറിന്‍റെ ആദ്യ മത്സരം കൂടിയാണിത്. ഒക്ടോബർ ഒമ്പതിന് വീണ്ടും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.