ദോഹ: മികച്ച ഫോട്ടോഗ്രഫി, കണ്ടന്റ് ക്രിയേറ്റേഴ്സിനെ കണ്ടെത്തുന്നതിനായുള്ള ‘ഖത്തർ ത്രൂ യുവർ ലെൻസ്’ മത്സരത്തിനായുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് അവസാനിപ്പിച്ചതായി വിസിറ്റ് ഖത്തർ. രാജ്യവ്യാപകമായി 1300ലധികം അപേക്ഷകളാണ് മത്സരത്തിലേക്ക് ലഭിച്ചത്. ആറ് ലക്ഷം റിയാൽ മൂല്യമുള്ള സമ്മാനങ്ങളുമായെത്തിയ മത്സരത്തിന്റെ വിജയികളെ 2026 ജനുവരി 16ന് പ്രഖ്യാപിക്കും.
ഖത്തർ ബൈ നൈറ്റ്, ബീച്ച് ആൻഡ് കോസ്റ്റൽ, കലയും സംസ്കാരവും, പൈതൃകം, കായിക പരിപാടികൾ, പാചകം എന്നിങ്ങനെ വിവിധ തീമുകളിലായിരുന്നു മത്സരം. 30-60 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വിഡിയോകൾ, ഫോട്ടോഗ്രാഫുകൾ എന്നിവയാണ് പങ്കെടുക്കുന്നവർ സമർപ്പിച്ചത്. ലഭിച്ച കണ്ടന്റുകളിൽ നിന്ന് വിഡിയോ, ഫോട്ടോ എന്നീ രണ്ട് വിഭാഗങ്ങളിലായി വിജയികളെ തിരഞ്ഞെടുക്കും. വിസിറ്റ് ഖത്തർ പ്രതിനിധികളും തിരഞ്ഞെടുത്ത വിദഗ്ധരും ഉൾപ്പെടുന്ന ഒരു ജഡ്ജിങ് പാനൽ ആയിരിക്കും സമർപ്പണങ്ങൾ വിലയിരുത്തുക. ദൃശ്യ-സാങ്കേതിക നിലവാരം, വൈകാരിക സ്വാധീനം, തീമിന്റെ പ്രസക്തി, സർഗാത്മക ആശയം, മികച്ച ക്യാപ്ഷൻ എന്നിവ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും വിജയികളെ വിലയിരുത്തുക. സമ്മാന വൗച്ചറുകൾ അടക്കം മൊത്തം നാല് ലക്ഷം റിയാലിന്റെ സമ്മാനങ്ങളായിരുന്നു മത്സരം ആദ്യം പ്രഖ്യാപിച്ചപ്പോൾ ഉണ്ടായിരുന്നത്.
പിന്നീട് ഇത് ആറ് ലക്ഷം റിയാലിന്റെ സമ്മാനങ്ങളായി ഉയർത്തുകയായിരുന്നു. വിഡിയോ വിഭാഗത്തിൽ ഒന്നാം സമ്മാനം ഒരു ലക്ഷം റിയാലും രണ്ടാം സ്ഥാനത്തിന് 50000 റിയാലും ലഭിക്കും. മൂന്നാം സ്ഥാനത്തിന് 30000, നാലാം സ്ഥാനത്തിന് 20000 അഞ്ചാം സ്ഥാനത്തിന് 10000 റിയാൽ എന്നിങ്ങനെയാണ് സമ്മാനങ്ങൾ. ആറുമുതൽ പത്താം സ്ഥാനം വരെയുള്ള വിജയികൾക്ക് 3000 റിയാൽ വൗച്ചറുകളും സമ്മാനമായി ലഭിക്കും. ഫോട്ടോ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 60,000 ഖത്തർ റിയാലാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 40,000, മൂന്നാം സ്ഥാനക്കാർക്ക് 20,000, നാലാം സ്ഥാനക്കാർക്ക് 10,000, അഞ്ചാം സ്ഥാനക്കാർക്ക് 5000 റിയാലും ലഭിക്കും. ആറ് മുതൽ പത്താം സ്ഥാനം വരെയുള്ളവർക്ക് 3000 റിയാലിന്റെ വൗച്ചറുകളും ലഭിക്കും.
ഈ സമ്മാനങ്ങൾക്ക് പുറമേ, മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഗോപ്രോ, ഐഫോണുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയവയും സമ്മാനമായി നൽകും. വിസിറ്റ് ഖത്തർ പരിപാടികളിലേക്കുള്ള എക്സ് ക്ലൂസിവ് ക്ഷണങ്ങൾ, അവാർഡ് ദാന ചടങ്ങിൽ അംഗീകാരം, വിസിറ്റ് ഖത്തറുമായുള്ള ഭാവി സഹകരണം എന്നിവക്കും അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.