ദോഹ: രാജ്യം അഭിമാനപൂർവം ഉയർത്തിക്കാട്ടുന്ന ദേശീയ കായികദിനം ഇന്ന്. ‘ദി ചോയ്സ് ഈസ് യുവേഴ്സ്’(തെരഞ്ഞെടുപ്പ് നിങ്ങളുടേതാണ്) എന്ന മുദ്രാവാക്യമുയർത്തിയാണ് 12ാമത് ദേശീയ കായിക ദിനത്തിന്റെ പ്രവർത്തനം ചൊവ്വാഴ്ച അരങ്ങേറുകയെന്ന് ദേശീയ കായിക ദിന (എൻ.എസ്.ഡി) കമ്മിറ്റി പ്രഖ്യാപിച്ചതായി ഖത്തർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വ്യക്തികളുടെയും സമൂഹത്തിന്റെയും ജീവിതത്തിൽ കായികരംഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന് ദേശീയ കായിക ദിനം സഹായിച്ചിട്ടുണ്ടെന്ന് കായിക യുവജന മന്ത്രിയുടെ ഉപദേഷ്ടാവും എൻ.എസ്.ഡി കമ്മിറ്റി പ്രസിഡന്റുമായ അബ്ദുറഹ്മാൻ മുസല്ലം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർക്കുകൾ, കായിക മേഖലകൾ, ദോഹ കോർണിഷ്, ആസ്പയർ സോൺ, പേൾ ഐലൻഡ്, ഖത്തർ ഫൗണ്ടേഷൻ, ലുസൈൽ, അൽ ഷമാൽ, അൽ ഷിഹാനിയ, അൽ വക്ര തുടങ്ങിയ സ്ഥലങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇക്കുറി 130ഓളം പരിപാടി നടക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. 100ലധികം സ്ഥാപനങ്ങൾ ദേശീയ കായികദിന പരിപാടികളിൽ പങ്കാളികളാവും. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന എൻ.എസ്.ഡി പ്രവർത്തനങ്ങൾക്ക് ചൊവ്വാഴ്ച രാവിലെ മുതൽ തുടക്കമാകും.
2012 ഫെബ്രുവരിയിൽ ദേശീയ കായികദിനത്തിന്റെ ആദ്യ പതിപ്പ് അരങ്ങേറിയതുമുതൽ സമൂഹത്തിൽ കായികരംഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർധിച്ചതായി അൽ-ദോസരി പറഞ്ഞു. ‘കഴിഞ്ഞ വർഷങ്ങളിൽ ഖത്തർ നിക്ഷേപം നടത്തിയ ഘടകമായ മനുഷ്യ വികസനത്തിലൂടെ ‘ഖത്തർ നാഷനൽ വിഷൻ 2030’സാക്ഷാത്കരിക്കുന്നതിന് ഇത് ഏറെ കരുത്തുപകരും.
രാജ്യത്ത് മൊത്തം 2,643 കിലോമീറ്റർ കാൽനട-സൈക്ലിങ് ട്രാക്കുകൾ, ധാരാളം പാർക്കുകൾ, ഹരിത പ്രദേശങ്ങൾ, ബീച്ചുകൾ മുതലായവ രാജ്യത്ത് കായിക രംഗത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. ആരോഗ്യകരവും മികച്ചതും സന്തുഷ്ടവുമായ ജീവിതത്തിനായി വ്യായാമം ചെയ്യാനുള്ള ഒരു വ്യക്തിയുടെ തീരുമാനത്തിലൂടെ കമ്യൂണിറ്റി സ്പോർട്സിന്റെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരുപാട് മാനങ്ങൾ ‘ദി ചോയ്സ് ഈസ് യുവേഴ്സ്' എന്ന മുദ്രാവാക്യത്തിനുണ്ടെന്നും എൻ.എസ്.ഡി കമ്മിറ്റി ചെയർമാൻ വിശദീകരിച്ചു.
കമ്യൂണിറ്റി സ്പോർട്സിന്റെ പ്രാധാന്യം അൽ-ദോസരി വിശദീകരിച്ചു. ഇത് മൂന്ന് കോണുകളിലൂടെ ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സുപ്രധാന മാർഗമാണ്. ആദ്യത്തേത് സ്പോർട്സ് പരിശീലിക്കുന്നതിനെക്കുറിച്ചുള്ള അവബോധവും സ്പോർട്സിനെ ജീവിതമാർഗമാക്കുന്നതിനുള്ള ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പുമാണ്. രണ്ടാമത്തേത്, പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പങ്കാളികളുമായുള്ള സഹകരണത്തിലൂടെ നേടിയെടുത്ത മാർഗനിർദേശങ്ങളുടെ വശമാണ്. സമഗ്ര വൈദ്യപരിശോധനക്കായി രാജ്യത്തെ 30 ഓളം കേന്ദ്രങ്ങളെ സജ്ജമാക്കിയത് ഇതിന്റെ ഭാഗമാണ്.
മൂന്നാമത്തേത് പരിശീലനം. അതിൽ അവബോധവും നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്ത ബോധവും ഉൾപ്പെടുന്നു.ദേശീയ കായിക ദിനം ആചരിക്കാൻ തുടങ്ങിയതോടെ സ്പോർട്സിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സഹായകമായി. വിട്ടുമാറാത്ത രോഗങ്ങളെ തടയാനും ആത്മവിശ്വാസം വർധിപ്പിക്കാനും മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കാനുമൊക്കെ അത് ഗുണപരമായി സ്വാധീനിക്കുമെന്നും അൽ-ദോസരി കൂട്ടിച്ചേർത്തു. ഈ വർഷത്തെ ദേശീയ കായിക ദിനത്തിനായുള്ള കായിക യുവജന മന്ത്രാലയത്തിന്റെ പദ്ധതി നടപ്പിലാക്കുന്നതിന് സംഭാവന നൽകിയ എല്ലാ പങ്കാളികൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ഖത്തർ സ്പോർട്സ് ഫോർ ഓൾ (ക്യു.എസ്.എഫ്.എ) ഫെഡറേഷന്റെ കലണ്ടറും അദ്ദേഹം എടുത്തുകാട്ടി. അതിൽ ഈ വർഷം മുഴുവനായി 683 കായിക പ്രവർത്തനം ഉൾപ്പെടുന്നു. ഫെഡറേഷൻ അതിന്റെ തുടക്കം മുതൽ ആരംഭിച്ച ഏറ്റവും വലുതാണിത്.
ശാരീരിക പ്രവർത്തനങ്ങളെ സാമൂഹിക ദൈനംദിന പരിശീലനമാക്കി മാറ്റുന്നതിനും വ്യക്തിഗത ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും കായിക യുവജന മന്ത്രാലയവുമായുള്ള സഹകരണത്തിന് പൊതുജനാരോഗ്യ മന്ത്രാലയം ഹെൽത്ത് കെയർ കമ്യൂണിക്കേഷൻസ് കമ്മിറ്റി ചെയർമാൻ അലി അൽഖാതർ അഭിനന്ദിച്ചു. ഈ വർഷത്തെ ദേശീയ കായികദിന മുദ്രാവാക്യം വ്യക്തിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിനെ ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.