ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ

ഇൻകാസ് ഇഫ്താർ: ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യാതിഥികൾ

ദോഹ: ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എയും ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും മുഖ്യാതിഥികളായി പങ്കെടുക്കും. വ്യാഴാഴ്ച വൈകുന്നേരം നാലു മണി മുതൽ ഓൾഡ് ഐഡിയൽ സ്കൂൾ അങ്കണത്തിലാണ് ചടങ്ങ്. കേരള രാഷ്ട്രീയത്തിലെ ചടുലമായ ഓരോ നീക്കങ്ങളെയും വിവാദങ്ങളെയും സൂക്ഷ്മമായി പിന്തുടരുന്ന ഖത്തറിലെ പ്രവാസ സാമൂഹം കാത്തിരിക്കുന്ന ശബ്ദമായാണ് യുവനേതൃത്വങ്ങൾ ദോഹയിലെത്തുന്നത്. സ്കൂൾ കോമ്പൗണ്ടിൽ നടക്കുന്ന പരിപാടിയിൽ ഇരുവരും സംസാരിക്കും.

ഇവർക്ക് പുറമെ, ദോഹയിലെ വിവിധ സംഘടന നേതാക്കളും പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. മാർച്ച്‌ 11 മുതൽ 25 വരെ നടന്ന സ്പോർട്സ് ഫെസ്റ്റ് മുൻ എം.എൽ.എ കെ.എം. ഷാജിയാണ് ഉദ്ഘാടനം ചെയ്തത്. വകറയിലെ ബീറ്റാ ഡൈനാമിക് സ്‌കൂളിൽ നടന്ന ആവേശകരമായ വോളിബാൾ മത്സരത്തോടെ തുടക്കം കുറിച്ച ഫെസ്റ്റിൽ വിവിധ വേദികളിലായി വടംവലി, ക്രിക്കറ്റ്, ഫുട്ബാൾ, ബാഡ്മിന്റൺ എന്നീ ഗെയിമുകൾ അരങ്ങേറി.

ഷുഹൈബ് സ്മാരക ട്രോഫിക്കായുള്ള വോളിബാൾ മത്സരങ്ങളും അബുഹമൂറിലെ കേംബ്രിഡ്ജ് സ്കൂളിൽ വടംവലി മത്സരങ്ങളും സി.കെ. മേനോൻ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബാൾ മത്സരങ്ങളും ശരത് ലാൽ-കൃപേഷ് സ്മാരക ട്രോഫിക്കും വേണ്ടിയുള്ള ക്രിക്കറ്റ് മത്സരങ്ങളും ആവേശം നിറഞ്ഞതായിരുന്നു. ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ ഖത്തറിലെ 150ഓളം കളിക്കാർ പങ്കെടുത്തു. വോളിബാളിലും ഫുട്ബാളിലും കോഴിക്കോട് ജില്ല ജേതാക്കളായപ്പോൾ ക്രിക്കറ്റ് ടൂർണമെൻറിൽ തൃശൂർ ജില്ല ടീമും വടംവലിയിൽ എറണാകുളവും വിജയികളായി.

Tags:    
News Summary - Qatar Incas Central Committee Iftar Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.