ദോഹ: കേരളത്തിന്റെ വികസന നായകൻ ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയന് ഖത്തറിന്റെ മണ്ണിൽ ജനകീയ സ്വീകരണം. അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വൈകീട്ട് ആയിരക്കണക്കിന് ജനങ്ങൾ സാക്ഷിയായ മലയാളോത്സവം -2025 ജനകീയ ഉത്സവമായി സമാപിച്ചു.
12 വർഷത്തിനു ശേഷം ഖത്തറിലെത്തിയ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മളമായ സ്വീകരണമാണ് ഖത്തറിലെ പ്രവാസികളും മലയാളി കൂട്ടായ്മകളും ചേർന്ന് ഒരുക്കിയത്.
ലോക കേരള സഭയും മലയാളം മിഷനും ചേർന്ന് സംഘടിപ്പിച്ച പരിപാടി അക്ഷരാർഥത്തിൽ ഉത്സവ പ്രതീതിയാണ് ദോഹയിലെ പ്രവാസി മലയാളികൾക്ക് സമ്മാനിച്ചത്.
ആരവങ്ങൾ, കമ്പടിമേളം...ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിലൂടെ ആദരണീയനായ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് വേദിയിലേക്ക് പ്രവാസികൾ സ്വീകരിച്ചാനയിച്ചു. ഉച്ചഭാഷിണിയിൽ കേരളമേറെക്കേട്ട വിപ്ലവഗാനത്തിന്റെ ഈരടിയും ഉയർന്നു.
സ്വാഗത ഗാനവും തുർന്ന് പതിവു ഭാഷണങ്ങൾക്കും ശേഷം മുഖ്യമന്ത്രി പ്രസംഗപീഠത്തിലേക്ക്. ദോഹയിലെ ഐഡിയൽ സ്കൂൾ മൈതാനം അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതോർത്തു.
കേരളത്തിന്റെ വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞപ്പോൾ സദസ്സിൽനിന്ന് കൈയടികളുയർന്നു.
പിന്നെ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പ്രസംഗം. കാണാനെത്തിയവർ അവസാനം വരെ പ്രസംഗമിരുന്നു കേട്ടു, ഉത്സാഹത്തിന് കുറവൊന്നുമില്ലാതെ. ഖത്തർ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി മടങ്ങിയപ്പോൾ മികച്ച സ്വീകരണമൊരുക്കിയെന്ന ആത്മനിർവൃതിയിലാണ് ഖത്തറിലെ മലയാളി പ്രവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.