കണ്ടെയ്നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങള്‍  ഡിസംബര്‍ ഒന്ന് മുതല്‍ ഹമദ് തുറമുഖത്തിലേക്ക്

ദോഹ: ദോഹ തുറമുഖത്തിലെ കണ്ടെയ്നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും മിസൈദിലെ പുതിയ ഹമദ് തുറമുഖത്തിലേക്ക് മാറ്റുന്നു. ഡിസംബര്‍ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. നവംബര്‍ 30 അര്‍ധരാത്രി മുതല്‍ കപ്പലുകളുടെ പ്രവര്‍ത്തനങ്ങളും ലോഡിംഗും ഡിസ്ചാര്‍ജ്ജിംഗും ഹമദ് തുറമുഖത്തില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ പോര്‍ട്ട് മാനേജ്മെന്‍റ് കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതിന്‍െറ ഭാഗമായി ഇന്നലെ വൈകിട്ട് ഏഴ് മുതല്‍ ദോഹ തുറമുഖത്ത് നിന്നുമുള്ള കണ്ടെയ്നര്‍ കയറ്റുമതി നിര്‍ത്തിയിരുന്നു. എന്നാല്‍ ഇറക്കുമതിക്കുള്ള കണ്ടെയ്നര്‍ സ്വീകരിക്കുന്നത് ഡിസംബര്‍ 31 വരെ തുടരുമെന്നും 30 ദിവസം കഴിഞ്ഞ കാര്‍ഗോയും കണ്ടെയ്നറുകളും 2017 ജനുവരി ഒന്നിന് ലേലത്തിനായി വിട്ടുകൊടുക്കുമെന്നും പോര്‍ട്ട് മാനേജ്മെന്‍റ് കമ്പനി പുറത്തിറക്കിയ കുറിപ്പിലുണ്ട്. 
നിലവില്‍ ദോഹ തുറമുഖത്തിന് കീഴില്‍ നടപടികള്‍ക്കായുള്ള കപ്പലുകളുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ വെച്ച് തന്നെ അവസാനിപ്പിക്കുന്നതായിരിക്കും. ഹമദ് പോര്‍ട്ടിന്‍െറ പ്രാരംഭ നടപടികളുമായി ബന്ധപ്പെട്ട് തന്നെ ഇക്കഴിഞ്ഞ നവംബര്‍ 23 മുതല്‍ കണ്ടെയ്നറുകള്‍ ഹമദ് തുറമുഖത്ത് സ്വീകരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ന്യൂ ഹമദ് തുറമുഖത്തില്‍ കന്നി മദര്‍ഷിപ്പ് അടുത്ത ആഴ്ച അവസാനത്തില്‍ ആദ്യ കപ്പല്‍ നങ്കൂരമിടും. മദര്‍ ഷിപ്പുകളെ സ്വീകരിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഖത്തര്‍ സീപോര്‍ട്ടിന് ഇതുവരെയുണ്ടായിട്ടില്ല. എം.എസ്.സി എസ്തി എന്ന മദര്‍ഷിപ്പ് അടുത്ത ആഴ്ച ഹമദ് തുറമുഖത്തത്തെുമെന്ന് ഷിപ്പിംഗ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 
പുതിയ തുറമുഖം വഴി മദര്‍ഷിപ്പുകള്‍ക്ക് യു.എ.ഇയിലെ ട്രാന്‍ഷിപ്പ്മെന്‍റ് ടെര്‍മിനലുകളെ ആശ്രയിക്കാതെ തന്നെ നേരിട്ട് ഖത്തറിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. ഇത് അന്താരാഷ്ട്ര ചരക്ക് നീക്കത്തിന് ആക്കം കൂട്ടുമെന്നും കണ്ടെയ്നര്‍ നീക്കം വര്‍ധിപ്പിക്കുമെന്നും ദോഹ അറബിറ്റല്‍ ഷിപ്പിംഗ് ഡയറക്ടര്‍ മുഹമ്മദ് റാഫി പറഞ്ഞു. പുതിയ തുറമുഖത്തെ ബന്ധിപ്പിക്കുന്നതിനായുള്ള റോഡ് ശൃംഖല പൂര്‍ത്തിയായി വരികയാണ്.
Tags:    
News Summary - Port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.