നോബിൾ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ഇ-മാലിന്യ ശേഖരണ കാമ്പയിൻ ഉദ്ഘാടന
ചടങ്ങിൽനിന്ന്
ദോഹ: നോബിൾ ഇന്റർനാഷനൽ സ്കൂൾ ഫോക്കസ് ഇന്റർനാഷനൽ ഖത്തർ, സീഷോർ റീസൈക്ലിങ് എന്നിവരുമായി സഹകരിച്ച് ഇ -മാലിന്യ ശേഖരണ കാമ്പയിൻ ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. സ്കൂളിന്റെ വാർഷികാഘോഷ പ്രമേയമായ ‘പ്രതിരോധശേഷിയുള്ള ഭൂമി’ എന്ന ആശയത്തിന്റെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടയിലും സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണ ഉത്തരവാദിത്തവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഫോക്കസ് ഇന്റർനാഷനൽ ഖത്തർ പ്രതിനിധി ദിൽബ മിദ്ലാജ്, സീഷോർ റീസൈക്ലിങ് പ്രതിനിധി സാറ ഖാൻ എന്നിവർ ക്ലാസുകൾ നയിച്ചു.
ഇ-മാലിന്യങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ അവർ വിശദീകരിച്ചു. വിദ്യാർഥികൾ പരിസ്ഥിതിയുടെ സംരക്ഷകരായി മാറണമെന്ന് തുടർന്ന് സംസാരിച്ച സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ് അഭിപ്രായപ്പെട്ടു. വിദ്യാലയത്തിലും വീടുകളിലും പൊതു ഇടങ്ങളിലും നല്ല ശീലങ്ങൾ പാലിക്കാൻ അദ്ദേഹം വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു.
കാമ്പയിൻ കാലയളവിൽ ഉപയോഗശൂന്യമായതും പ്രവർത്തനരഹിതവുമായ മൊബൈൽ ഫോണുകൾ, ചാർജറുകൾ, ഇയർ ഫോണുകൾ, കേബിളുകൾ, കീബോർഡുകൾ തുടങ്ങിയ ചെറു ഇലക്ട്രോണിക് ഉപകരണങ്ങൾ വിദ്യാർഥികളിൽ നിന്നും ജീവനക്കാരിൽനിന്നും ശേഖരിക്കും. ശേഖരിക്കുന്ന മുഴുവൻ ഇ-മാലിന്യങ്ങളും അംഗീകൃത റീസൈക്ലിങ് ഏജൻസികൾക്ക് കൈമാറി പരിസ്ഥിതി സൗഹാർദമായി നിർമാർജനം ചെയ്യുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.