അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യും പി​താ​വ്​ അ​മീ​റും ഉ​ന്ന​ത വ്യ​ക്തി​ക​ളെ സ്വീ​ക​രി​ക്കു​ന്നു (ഫ​യ​ൽ ചി​ത്രം) 

ഭരണസാരഥ്യത്തിന്‍റെ ഒമ്പതു വർഷം: അഭിമാനത്തോടെ ഖത്തർ

ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സ്ഥാനാരോഹണത്തിന് ഒമ്പത് വർഷത്തിന്‍റെ തിളക്കം. ജൂൺ 25ന് വാർഷികം പിന്നിടുമ്പോൾ ഒരുപിടി നേട്ടങ്ങളിൽ അഭിമാനിക്കുകയാണ് ഖത്തറും ജനതയും. 2013 ജൂൺ 25നായിരുന്നു പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ പിൻഗാമിയായി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഖത്തറിന്റെ ഭരണമേറ്റെടുത്തത്.

ചെറുപ്രായത്തിൽതന്നെ ഖത്തറിന്‍റെ ഭരണസാരഥ്യമേറ്റെടുത്തതിനു പിന്നാലെ, ചുരുങ്ങിയ കാലയളവിനുള്ളിൽ രാജ്യാന്തര ശ്രദ്ധയിലേക്ക് വളർന്നു. സമസ്ത മേഖലകളിലും ഖത്തർ ആഗോളതലത്തിൽ മുൻപന്തിയിലെത്തി. വളർച്ചയും വികസനവും ആധാരമാക്കിയുള്ള പല സൂചികകളിലും പട്ടികയിലും വൻ രാജ്യങ്ങളെയെല്ലാം ഖത്തർ ഇക്കാലയളവിൽ പിന്നിലാക്കി.

രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, കായിക രംഗങ്ങളിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഖത്തർ കൂടുതൽ നേട്ടം കൊയ്തു. കൃത്യമായ ആസൂത്രണവും തന്ത്രപ്രധാന കാഴ്ചപ്പാടുകളും ഭാവിയിലേക്കുള്ള ആഗ്രഹാഭിലാഷങ്ങളും നയനിലപാടുകളും പല മേഖലകളിലും വിജയം കരസ്ഥമാക്കുന്നതിൽ നിർണായക ഘടകങ്ങളായി. ആധുനിക ഖത്തറിന്‍റെ ശിൽപിയായ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ ചിന്തകളുടെയും പ്രവൃത്തികളുടെയും തുടർച്ചക്കായിരുന്നു കഴിഞ്ഞ ഒമ്പത് വർഷവും ഖത്തറും ഖത്തർ ജനതയും സാക്ഷ്യം വഹിച്ചത്.

ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അധികാരമേറ്റെടുത്ത് ഒമ്പത് വർഷം പിന്നിടുമ്പോൾ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, കായിക മേഖലകളിലടക്കം പുതിയ യാത്രക്ക് ഖത്തർ തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്. വികസനത്തിന്‍റെയും വളർച്ചയുടെയും പര്യായമെന്ന നിലയിൽ അന്താരാഷ്ട്ര വേദികളിലും ഫോറങ്ങളിലും ഖത്തർ എന്ന നാമം നിരന്തരം പരാമർശിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു.

അമീർ ശൈഖ് തമീം ഖത്തറിനെ നയിക്കാൻ തുടങ്ങി ഒമ്പത് വർഷം പൂർത്തിയാകുമ്പോൾ, മാനുഷിക മേഖലയിൽ മറ്റു രാജ്യങ്ങൾക്കെല്ലാം മാതൃകയായി മാറിയിട്ടുണ്ട്. മുൻഗണന വിഷയങ്ങളിൽ മനുഷ്യത്വത്തിന് മുൻനിര സ്ഥാനം നൽകിക്കൊണ്ടുള്ള ഭരണനയം കൈക്കൊണ്ടു. നിരവധി മേഖലകളിൽ വളർച്ചയും പുരോഗതിയും കൈവരിക്കുമ്പോൾതന്നെ ഭൂമിയിൽ മനുഷ്യന്റെ അന്തസ്സിനും അവന്‍റെ അവകാശത്തിനും ആഗ്രഹാഭിലാഷങ്ങൾക്കും ക്ഷേമത്തിനും ഖത്തർ വലിയ പ്രാധാന്യം നൽകി.

ഒമ്പത് വർഷത്തിനിടെ ഖത്തർ സാമ്പത്തിക വ്യവസ്ഥ ഏറ്റവും ഉന്നതിയിലെത്തിയെന്നത് മറ്റൊരു നേട്ടമാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിലെ സാമ്പത്തിക വർഷത്തിൽ ഖത്തറിന്‍റെ ജി.ഡി.പി 4.9 ശതമാനം വളർച്ച കൈവരിക്കുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ലോകരാജ്യങ്ങൾ പണപ്പെരുപ്പത്തിൽപെട്ട്, സാമ്പത്തിക പ്രകടനത്തിൽ പിറകിൽ നിൽക്കുന്ന സാഹചര്യത്തിലാണ് ഖത്തറിന്‍റെ സാമ്പത്തിക കുതിപ്പെന്നത് പ്രത്യേകം പരാമർശിക്കപ്പെടേണ്ടതുണ്ട്.

മിഡിലീസ്റ്റിലും അറബ് ലോകത്തുമായി ആദ്യമെത്തുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിനെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ടൂർണമെന്‍റാക്കിമാറ്റി ഖത്തർ വേദിയൊരുക്കുമ്പോൾ അതും ശക്തനായ രാഷ്ട്രത്തലവന്‍റെ ദീർഘവീക്ഷണത്തിന്‍റെ അടയാളമായി മാറുന്നു. ലോകകപ്പിന് ഖത്തർ സർവസജ്ജമായതിന് പിന്നാലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി ടീമുകളെയും ആരാധകരെയും സ്വാഗതം ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ് ഖത്തറെന്ന കൊച്ചുരാജ്യം.

Tags:    
News Summary - Nine years of rule: Qatar with pride

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.