ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയറിൽ ഖത്തർ അതിഥി രാജ്യമായി പങ്കെടുക്കുന്നതിലൂടെ അറബ് ലോകവും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക സംവാദവും വൈജ്ഞാനിക കൈമാറ്റവും ശക്തിപ്പെടുത്തുമെന്ന് ഇന്ത്യയിലെ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ഹസ്സൻ അൽ ജാബിർ പറഞ്ഞു. സാംസ്കാരിക മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് വേൾഡ് ബുക്ക് ഫെയറിൽ ഖത്തർ പങ്കെടുക്കുന്നത്.
ഇന്ത്യയിലെ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ഹസ്സൻ അൽ ജാബിർ ന്യൂഡൽഹിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദീർഘകാല പാരമ്പര്യമുള്ള രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ബൗദ്ധികവും സാംസ്കാരികവുമായ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 53ാമത് ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയർ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേൾഡ് ബുക്ക് ഫെയറിൽ ഖത്തറും സ്രെയിനുമാണ് അതിഥി രാജ്യങ്ങൾ. ജനുവരി 18 വരെ നടക്കുന്ന ബുക്ക് ഫെയറിൽ 35ലധികം രാജ്യങ്ങളിലെ പ്രസാധകരും സാംസ്കാരിക സ്ഥാപനങ്ങളുമാണ് പങ്കെടുക്കുന്നത്. സംസ്കാരങ്ങൾക്കിടയിൽ പരസ്പര സഹകരണവും ഐക്യവും വളർത്തുന്നതിനും, പ്രസിദ്ധീകരണം, വിവർത്തനം, വിജ്ഞാനോൽപാദനം എന്നിവയിൽ സഹകരണം വികസിപ്പിക്കുന്നതിനുമുള്ള ഖത്തറിന്റെ പ്രതിബദ്ധതയാണ് ബുക്ക് ഫെയറിലെ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതെന്ന് അൽ ജാബിർ പറഞ്ഞു. പരസ്പര ധാരണ വളർത്തിയെടുക്കാൻ ഇത്തരം പരിപാടികൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദോഹ ഇന്റർനാഷനൽ ബുക്ക് ഫെയർ ഡയറക്ടർ ജാസിം അഹമ്മദ് അൽ ബുഐനൈൻ ഉൾപ്പെടെയുള്ള ഖത്തർ സാംസ്കാരിക മന്ത്രാലയത്തിലെ പ്രതിനിധി സംഘവും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പ്രദർശനത്തിന്റെ പ്രധാന സവിശേഷതകൾ, സാംസ്കാരിക, ബൗദ്ധിക പരിപാടികൾ, പ്രസിദ്ധീകരണ വ്യവസായത്തെയും സാംസ്കാരിക കൈമാറ്റത്തെയും പിന്തുണക്കുന്നതിൽ അന്താരാഷ്ട്ര പങ്കാളിത്തത്തിന്റെ പങ്ക് എന്നിവ പ്രതിനിധി സംഘം വിശദീകരിച്ചു. പ്രധാന അന്താരാഷ്ട്ര സാംസ്കാരിക പരിപാടികളിൽ ശക്തമായ സാന്നിധ്യം നിലനിർത്താനുള്ള ഖത്തറിന്റെ ആഗ്രഹ സഫലീകരണമാണ് ബുക്ക് ഫെയറിൽ അതിഥി രാഷ്ട്രമായി തിരഞ്ഞെടുത്തതെന്ന് അൽ ബുഐനൈൻ വിശദീകരിച്ചു. സാംസ്കാരിക പാരമ്പര്യത്തെ ആഗോളതലത്തിൽ ഉയർത്തിക്കാട്ടുന്നതിനും രാജ്യത്തെ വൈവിധ്യമാർന്ന സാഹിത്യ -ചിന്താധാരകളെ അന്താരാഷ്ട്ര തലത്തിൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനും ന്യൂഡൽഹിയിൽ നടക്കുന്ന ബുക്ക് ഫെയറിലൂടെ ഖത്തർ സാംസ്കാരിക മന്ത്രാലയം ലക്ഷ്യമിടുന്നു.
ഖത്തറിന്റെ പങ്കാളിത്തം ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുമെന്ന് നാഷണൽ ബുക്ക് ട്രസ്റ്റ് ഡയറക്ടർ യുവരാജ് മാലിക് പറഞ്ഞു. ആയിരത്തിലധികം പ്രസാധകരും 3,000-ത്തിലധികം സ്റ്റാളുകളും 600ലേറെ സാംസ്കാരിക പരിപാടികളും ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. സാംസ്കാരിക വിനിമയത്തിലൂടെ സമൂഹങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം വേദികൾ വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.