ലോകകപ്പിന് 23000ത്തിലധികം സുരക്ഷാജീവനക്കാർ

ദോഹ: നവംബർ-ഡിസംബർ മാസങ്ങളിലായി ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന്‍റെ സുഗമമായ നടത്തിപ്പിൽ 23,000ത്തിലധികം സുരക്ഷാജീവനക്കാർ പങ്കാളികളാകുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്.സി).

ആരാധകർക്കും താരങ്ങൾക്കും ഒഫീഷ്യലുകൾക്കുമായി സുരക്ഷയൊരുക്കുന്ന ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിലും സുപ്രീം കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്നും വർക്കേഴ്സ് വെൽഫെയർ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറും ഫിഫ ലോകകപ്പ് ഖത്തർ 2022 വർക്കേഴ്സ് വെൽഫെയർ ആൻഡ് ലേബർ റൈറ്റ്സ് ചെയർപേഴ്സനുമായ മഹമൂദ് ഖുതുബ് വ്യക്തമാക്കി. സെൻറർ ഫോർ സ്പോർട്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സും ദി ഇൻറർനാഷനൽ കോഡ് ഓഫ് കണ്ടക്ട് അസോസിയേഷനും സംഘടിപ്പിച്ച മനുഷ്യാവകാശ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തർ ലോകകപ്പിന്‍റെ ലെഗസി പദ്ധതികൾ വിശദീകരിച്ച മഹ്മൂദ് ഖുതുബ്, ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിൽ പങ്കാളികളായ തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച് എസ്.സിയുടെ മുൻഗണനാ വിഷയങ്ങളും പ്രത്യേകം ചൂണ്ടിക്കാട്ടി.

മെഗാ സ്പോർട്ടിങ് ഇവന്റ്സ്, പ്രൈവറ്റ് സെക്യൂരിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ്സ്: ഫിഫ വേൾഡ് കപ്പ് ആൻഡ് കോമൺവെൽത്ത് ഗെയിംസ് എന്ന വിഷയത്തിൽ നടന്ന പാനൽചർച്ചയിൽ തൊഴിലാളികൾക്കുവേണ്ടിയുള്ള ക്ഷേമ പദ്ധതികളിലെ പുരോഗതിയും തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായുള്ള നടപടികളും അദ്ദേഹം വിശദീകരിച്ചു.

നിർമാണ മേഖലയിൽ മാത്രമായിരുന്ന ഈ നിർണായക ചുവടുവെപ്പുകൾ ടൂർണമെൻറിന്‍റെ മറ്റു മേഖലകളിലും തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി നടപ്പാക്കിത്തുടങ്ങിയതായും ഖുതുബ് സൂചിപ്പിച്ചു.

ലോകകപ്പിന്‍റെ ഭാഗമാകുന്ന സുരക്ഷാജീവനക്കാരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുമെന്നും കൂളിങ് വെസ്റ്റ് അടക്കമുള്ള എല്ലാ സംവിധാനങ്ങളും അവർക്ക് നൽകുമെന്നും ജീവനക്കാർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിനായി ഖത്തർ തൊഴിൽമന്ത്രാലയവുമായി ചേർന്നുള്ള പ്രവർത്തനങ്ങളിലും എസ്.സി പങ്കാളികളാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - More than 23,000 security personnel for the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.