ദോഹ: തൊഴിലാളികൾക്ക് കോവിഡിൽ നിന്നും സുരക്ഷയൊരുക്കുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിൽ കമ്പനികളുടെ പ്രതിബദ്ധത വിലയിരുത്താനായി തൊഴിലിടങ്ങളിലും തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും തൊഴിൽ മന്ത്രാലയം പരിശോധന ആരംഭിച്ചു.
കോവിഡ് പ്രതിരോധ, മുൻകരുതൽ നടപടികൾ സംബന്ധിച്ച് തൊഴിൽ മന്ത്രാലയം കമ്പനികൾക്ക് പ്രത്യേക ബോധവൽക്കരണ സന്ദേശങ്ങൾ അയക്കുകയും പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക പരിശോധന സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
തൊഴിലിടങ്ങളിലെ പരിശോധനകളിൽ മാസ്ക് ഉപയോഗം, ഹാൻഡ് സാനിറ്റൈസറിന്റെ ലഭ്യത, തൊഴിലിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനും പുറത്ത് കടക്കുന്നതിനുമുള്ള മാനദണ്ഡങ്ങൾ നടപ്പിലാക്കുക, സുരക്ഷിത അകലം പാലിക്കൽ തുടങ്ങിയവ അധികൃതർ പരിശോധിക്കും.
അതേസമയം, തൊഴിലാളികളുടെയും ജീവനക്കാരുടെയും താമസസ്ഥലങ്ങളിൽ ജനസാന്ദ്രത കുറക്കുന്നതിന്റെ ഭാഗമായി ഒരു റൂമിൽ നാല് പേർക്കായി താമസം നിശ്ചയിച്ചത് പാലിക്കുക, വ്യക്തിഗത കൂടിക്കാഴ്ചകൾ നിരോധിക്കപ്പെട്ടൂ എന്ന് ഉറപ്പുവരുത്തുക, ഉയർന്ന ശരീര താപനില കണ്ടെത്തിയ തൊഴിലാളികളെ ഐസൊലേറ്റ് ചെയ്ത് മന്ത്രാലയത്തെ അറിയിക്കുക എന്നിവയും തൊഴിൽ മന്ത്രാലയം നിരീക്ഷിക്കും.
തൊഴിലാളികളുള്ള സ്ഥലങ്ങളിൽ അണുനാശിനി സംവിധാനങ്ങൾ നൽകേണ്ടതിെൻറ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. അതോടൊപ്പം കോവിഡ് വ്യാപനം കുറക്കുന്നതിനും തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുമായി തൊഴിലിടങ്ങളിലും താമസ കേന്ദ്രങ്ങളിലും സ്വീകരിക്കണ്ട മുൻകരുതൽ നടപടികൾ കമ്പനികൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.