ദോഹ മൻസൂറയിൽ തകർന്നുവീണ കെട്ടിടം
മൻസൂറ കെട്ടിട ദുരന്തം: ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
ദോഹ: നാല് മലയാളികൾ ഉൾപ്പെടെ മരിച്ച ദോഹ അൽ മൻസൂറ ബിൻ ദർഹമിലെ കെട്ടിടദുരന്തം സംബന്ധിച്ച് അന്വേഷണം പൂർത്തിയായി. കെട്ടിടത്തിന്റെ നിർമാണത്തിലും അറ്റകുറ്റപ്പണികളിലും ഗുരുതര വീഴ്ച സംഭവിച്ചതായി പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിർമാണഘട്ടത്തിൽ കെട്ടിടത്തിൽ അനധികൃത ഘടനമാറ്റവും വേണ്ടത്ര സുരക്ഷ മുൻകരുതലുകളില്ലാത്ത അറ്റകുറ്റപ്പണിയും ഉണ്ടായത് ബഹുനില പാർപ്പിട സമുച്ചയം തകർന്നു വീഴാനും മരണത്തിനും വഴിവെച്ചതായി പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
പബ്ലിക് പ്രോസിക്യൂഷൻ നിർദേശാനുസരണം രൂപവത്കരിച്ച സമിതിയുടെ ടെക്നിക്കൽ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ച അന്വേഷണം പൂർത്തിയാക്കിയത്. കെട്ടിട നിർമാണത്തിലും അറ്റകുറ്റപ്പണിയിലും ഗുരുത സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രധാന കരാറുകാരൻ, പ്രോജക്ട് കൺസൾട്ടന്റ്, കെട്ടിട ഉടമ, അറ്റകുറ്റപ്പണികൾ നടത്തിയ കമ്പനി എന്നിവർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
മാർച്ച് 22 ബുധനാഴ്ചയായിരുന്നു ദോഹ സെൻട്രലിലെ അൽ മൂൻസുറ മേഖലയിൽ കെട്ടിടം തകർന്നത്. ദുരന്തത്തിൽ ഖത്തറിലെ പ്രവാസി കലാകാരൻ നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി, പൊന്നാനി സ്വദേശികളായ അബു ടി. മമ്മദുട്ടി, നൗഷാദ് മണ്ണറയിൽ (44), കാസർകോട് പുളിക്കൂർ മുഹമ്മദ് അഷ്റഫ് (38) എന്നീ മലയാളികളാണ് മരിച്ചത്.
പ്രോസിക്യൂഷൻ കണ്ടെത്തലുകൾ
- ഡിസൈൻ പ്ലാനിൽനിന്ന് വ്യത്യസ്തമായാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയതെന്ന് പ്രോസിക്യൂഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 25, 30 സെ.മീറ്റർ കനം നിർദേശിച്ച ഭാഗങ്ങളിൽ 20 സെ.മീറ്ററിൽ മാത്രമാണ് നിർമാണം പൂർത്തിയാക്കിയത്. കെട്ടിട നിർമാണത്തിന് 25 എം.എം കമ്പി ഉപയോഗിക്കുന്നതിനു പകരം 18 എം.എം ആയി കുറച്ചു.
- കെട്ടിട നിർമാണ ഘട്ടത്തിൽ ബേസ്മെന്റ് ഭാഗമായി കോളങ്ങളുടെ എണ്ണം കുറച്ചതും ഉപയോഗിച്ച കമ്പികളുടെ കനം കുറഞ്ഞതും കെട്ടിടത്തിന്റെ ബലക്കുറവിനും സുരക്ഷാ വീഴ്ചക്കും കാരണമായി.
- ലൈസൻസ് ഇല്ലാതെയാണ് കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടന്നത്.
- കെട്ടിടം ബേസ്മെന്റിലെ തൂണുകളുടെ (കോളം) പ്രധാന അറ്റകുറ്റപ്പണികൾ നടത്തുന്നതിന് മുമ്പായി താമസക്കാരെ ഒഴിപ്പിച്ചിരുന്നില്ല.
- വേണ്ട സുരക്ഷ മുൻകരുതലുകളോ വലിയ ഭാരം താങ്ങാനാവുന്ന തരത്തിൽ താങ്ങോ ഇല്ലാതെയാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്.
- അറ്റകുറ്റപ്പണി നടത്താൻ വേണ്ടത്ര യോഗ്യതയോ പ്രവൃത്തി പരിചയമോ ഇല്ലാത്ത കമ്പനിയാണ് മൻസൂറ കെട്ടിടത്തിലെ ജോലികൾ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.