തീവ്രവാദികൾക്കുവേണ്ടി നഴ്സ് റിക്രൂട്ട്മെന്റെന്നു; വിദ്വേഷ പ്രചാരണവുമായി 'മലയാളം മിഷൻ' ഖത്തർ കോഓർഡിനേറ്റർ

ദോഹ: തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ വിദ്വേഷ പരാമർശവുമായി ഖത്തറിലെ മലയാളം മിഷൻ കോഓർഡിനേറ്റർ ദുർഗാദാസ് ശിശുപാലൻ. കേരള സർക്കാറിനു കീഴിൽ വിദേശരാജ്യങ്ങളിലുള്ള മലയാളികൾക്കിടയിൽ ഭാഷാ പഠനം സാധ്യമാക്കുന്നതിനായി രൂപവത്കരിച്ച മലയാളം മിഷന്‍റെ ഖത്തർ കോഓർഡിനേറ്ററാണ് സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്‍റായി ജോലി ചെയ്യുന്ന ദുർഗാദാസ് ശിശുപാലൻ.

ഹിന്ദു മഹാസമ്മേളനത്തിൽ ഖത്തറിൽ നിന്നെത്തിയ പ്രതിനിധി എന്ന നിലയിൽ സദസ്സിൽ നിന്നുന്നയിച്ച ചോദ്യത്തിലാണ് ഇദ്ദേഹം കടുത്ത വിദ്വേഷ പരാമർശങ്ങൾ ഉന്നയിച്ചത്. ഗൾഫ് നാടുകളിൽ വലിയ തോതിൽ മതപരിവർത്തനം നടത്തുന്നതായും തീവ്രവാദികളുടെ ലൈംഗിക ആവശ്യത്തിനായി നഴ്സുമാരെ റിക്രൂട്ട്മെന്‍റ് ചെയ്യുന്നുവെന്നുമാണ് ഇദ്ദേഹം ആരോപണം ഉന്നയിച്ചത്. ചോദ്യത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഗൾഫ് മലയാളികൾ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി.

പി.സി. ജോർജ് വർഗീയ പരാമർശം നടത്തിയ അനന്തപുരി ഹിന്ദുമഹാസമ്മേളന വേദിയിൽ വെച്ചായിരുന്നു ദുർഗാദാസിന്‍റെയും വിവാദ പരാമർശങ്ങൾ. കേരള സാംസ്കാരിക വകുപ്പിന് കീഴിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനും സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉപാധ്യക്ഷനുമായാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്. കവി മുരുകന്‍ കാട്ടാക്കടയാണ് ഔദ്യോഗിക ഭരണസമിതി ഡയറക്ടർ. 30 വിദേശ രാജ്യങ്ങളിൽ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനയുടെ ഖത്തറിലെ കോഓർഡിനേറ്ററായി സംഘപരിവാര്‍ ബന്ധമുള്ളയാളെ നിയമിച്ചത് നേരത്തെ തന്നെ വിവാദമായിരുന്നു.

ഇതിനിടയിലാണ് ഇയാള്‍ ഗുരുതരമായ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത്. വിദ്വേഷവും വർഗീയതയും പടർത്തുന്ന വാദങ്ങൾ ഉന്നയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ആരുടെ താല്‍പര്യപ്രകാരമാണ് ദുര്‍ഗാദാസിനെ മലയാളം മിഷനില്‍ തുടരാന്‍ അനുവദിക്കുന്നതെന്ന ചോദ്യവുമായി ഗൾഫ് മലയാളികൾ രംഗത്തു വന്നു. വിവിധ സംഘടനകളും വ്യക്തികളും സംസ്ഥാന സർക്കാറിനും അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.

ദുർഗാദാസിനെ മലയാളം മിഷൻ സ്ഥാനത്തുനിന്ന് നീക്കണം -ഐ.എം.സി.സി

ദോഹ: കേരള സർക്കാറിനു കീഴിലുള്ള മലയാളം മിഷൻ ഖത്തർ ചാപ്റ്റർ കോഓർഡിനേറ്ററും ഐ.സി.ബി.എഫ് അംഗവുമായ ദുർഗാദാസ് ശിശുപാലൻ ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ വർഗീയ പരാമർശം മത സ്പർധ വളർത്താൻ ഉദ്ദേശിച്ച് കൊണ്ടുള്ളതും ഖത്തർ പോലുള്ള ഗൾഫ് രാജ്യങ്ങളെ സമൂഹ മധ്യത്തിൽ അപകീർത്തിപ്പെടുത്താൻ വേണ്ടിയുമാണെന്ന് ഐ.എം.സി.സി ഖത്തർ കമ്മിറ്റി പറഞ്ഞു.

ഖത്തർ പോലുള്ള ഗൾഫ് രാജ്യങ്ങളിൽ ആളുകളെ നിർബന്ധപൂർവം മത പരിവർത്തനം നടത്തുന്നുവെന്നും തീവ്രവാദികളുടെ ലൈംഗിക ആവശ്യങ്ങൾക്ക് വേണ്ടി റിക്രൂട്ട്മെന്‍റുകൾ നടത്തികൊണ്ടിരിക്കുകയും ചെയ്യുന്നു എന്നുമാണ് അദ്ദേഹം നടത്തിയിട്ടുള്ള വിവാദ പ്രസംഗം.

ഗൾഫ് രാജ്യങ്ങളെ അപകീർത്തിപ്പെടുത്താനും സാമുദായിക സ്പർധ ഉണ്ടാക്കാനും വേണ്ടി ബോധപൂർവം ശ്രമം നടത്തിയ ദുർഗാദാസിനെ മലയാളം മിഷൻ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും നിയമത്തിന്‍റെ മുമ്പിൽ കൊണ്ട് വന്നു തക്കതായ ശിക്ഷ നൽകണമെന്നും കേരള മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ ഐ.എം.സി.സി ആവശ്യപ്പെട്ടു.

Tags:    
News Summary - 'Malayalam Mission' Qatar Coordinator with Hate Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.