കഴിഞ്ഞ ദിവസം സമാപിച്ച ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷനിലെ ഇന്ത്യൻ പവലിയൻ
ദോഹ: ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷന്റെ (ഡി.ജെ.ഡബ്ല്യൂ.ഇ) 19ാമത് പതിപ്പിന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ സമാപനം കുറിച്ചു. ഖത്തർ നാഷനൽ ബാങ്ക് (ക്യൂ.ഐ.ബി) ഔദ്യോഗിക സ്പോൺസറായും ഖത്തർ എയർവേയ്സ് ഔദ്യോഗിക എയർലൈൻ പങ്കാളിയായുമുള്ള ഈ വർഷത്തെ ദോഹ ആഭരണ, വാച്ച് പ്രദർശനത്തിൽ ആഗോളതലത്തിൽ ആരാധകരുള്ള 500ലധികം ആഭരണങ്ങളുടെയും വാച്ചുകളുടെയും ബ്രാൻഡുകളാണ് പങ്കെടുത്തത്.
മേഖലയിൽനിന്നുള്ള നിരവധി സന്ദർശകരാണ് മേളക്കെത്തിയതെന്ന് സംഘാടകർ അറിയിച്ചു. 33000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ ഖത്തറിലെയും ലോകത്തെയും പ്രമുഖ ജ്വല്ലറികൾ പുതിയ ബ്രാൻഡുകളും ലിമിറ്റഡ് എഡിഷൻ കളക്ഷനുകളും അതുല്യമായ ഷോപീസുകളും പ്രദർശിപ്പിച്ചു.
മേഖലയിലെ വലിയ ബിസിനസ് ടു കസ്റ്റമർ ഷോ എന്നറിയപ്പെടുന്ന പ്രദർശനത്തിനെത്തിയ സന്ദർശകർക്ക് ആഭരണ, വാച്ച് മേഖലയിലെ പ്രാദേശിക ഭീമനായ ദമാസ് ജ്വല്ലറിയുടെ അരങ്ങേറ്റം കാണാനുള്ള അവസരവും ലഭിച്ചു. പ്രദർശനത്തിൽ ആദ്യമായി ലൂയിസ് വിറ്റൺ അവരുടെ ഫാന്റസി നെക്ലേസ് സന്ദർശകർക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ആഭരണ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട 2.56 കാരറ്റ് മോണോഗ്രാം ഫ്ലവർ കട്ട് ഡയമണ്ടാണിത്.
20,21 നൂറ്റാണ്ടുകളിൽ കലയും ഡിസൈനും വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള പ്രമുഖ ആഗോള പ്ലാറ്റ്ഫോമുകളിലൊന്നായ ഫിലിപ്സും ഇത്തവണ പ്രദർശനത്തിനെത്തിയിരുന്നു. ബാക്സ് ആൻഡ് റുസോയുമായി സഹകരിച്ച് വിജയകരമായ വാച്ച് ലേലത്തിന്റെ ലോക റെക്കോഡും ഫിലിപ്സ് സ്വന്തമാക്കി. പ്രശസ്ത ഖത്തരി വ്യവസായി നൂറ അൽ അൻസാരിയുടെ സാന്നിധ്യവും പ്രദർശനത്തിൽ വാർത്താ പ്രാധാന്യം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.