ജി.സി.സി, യൂറോപ്യൻ സന്ദർശകരുടെ എണ്ണത്തിൽ വർധന

ദോഹ: ഖത്തറിൽ ജി.സി.സി, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ വർധന. മാർച്ച് മാസത്തിൽ രാജ്യത്തെത്തിയ സന്ദർശകരിൽ 34.5 ശതമാനവും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നുവെന്ന് പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പി.എസ്.എ റിപ്പോർട്ട് പ്രകാരം 1,52,772 സന്ദർശകരാണ് ഖത്തറിൽ മാർച്ചിൽ എത്തിയത്. ഇതിൽ 52,691 സന്ദർശകരും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. ഈ വർഷം ഫെബ്രുവരി മാസത്തിൽ 18,610 പേരായിരുന്നു ജി.സി.സി രാജ്യങ്ങളിൽ നിന്നും സന്ദർശകരായി ഖത്തറിലെത്തിയിരുന്നത്.

അതേസമയം, കഴിഞ്ഞ വർഷം മാർച്ചിൽ 2670 പേർ മാത്രമാണ് ഖത്തറിലെത്തിയത്. യൂറോപ്പിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിലും വർധനയുണ്ടായതായി പി.എസ്.എ ചൂണ്ടിക്കാട്ടി. 37,490 പേരാണ് ഈ വർഷം മാർച്ച് മാസം ഖത്തറിലെത്തിയത്. ഫെബ്രുവരിയിലാകട്ടെ, 2000 സന്ദർശകരായിരുന്നു രാജ്യത്തെത്തിയത്.ഓഷ്യാനിയ അടക്കം ഏഷ്യൻ രാജ്യങ്ങളിൽ നിന്നായി 36,969 പേർ ഖത്തറിലെത്തിയപ്പോൾ ജി.സി.സിക്ക് പുറത്തുള്ള അറബ് രാജ്യങ്ങളിൽ നിന്നും 11,736 പേർ ഖത്തറിലെത്തി. അമേരിക്കയിൽ നിന്നും 10,705 പേരും ആഫ്രിക്കയിലെ അറബ് ഇതര രാജ്യങ്ങളിൽ നിന്ന് 3173 പേരും മാർച്ചിൽ ഖത്തറിലെത്തിയതായി പി.എസ്. എ സൂചിപ്പിച്ചു.

ഈ വർഷം ആദ്യ പാദത്തിൽ ഖത്തറിൽ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി ഖത്തർ ടൂറിസം നേരത്തെ അറിയിച്ചിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 3,16,000 സന്ദർശകരാണ് ജനുവരി മുതൽ മാർച്ച് വരെ ഖത്തറിലെത്തിയത്. 2020, 2021 വർഷങ്ങളിൽ യഥാക്രമം ആകെ 5,81,000, 6,11,000 സന്ദർശകരാണ് ഖത്തറിലെത്തിയിരുന്നതെന്നും ഖത്തർ ടൂറിസം വ്യക്തമാക്കിയിരുന്നു. ഈ വർഷം രണ്ടാം പകുതിയിൽ കൂടുതൽ സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നതെന്നും ഈ വർഷം ആദ്യത്തിൽ തന്നെ മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചിരിക്കുന്നതെന്നും ഖത്തർ ടൂറിസം ചീഫ് ഓപറേറ്റിങ് ഓഫിസർ ബെർതോൽഡ് ട്രെൻകെൽ പറഞ്ഞു.

Tags:    
News Summary - Increase in the number of GCC and European visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.