ഖത്തറിന്റെ സഹായങ്ങളുമായി 13ാമത്തെ വിമാനം ഈജിപ്തിലെ അൽ അരിഷിലെത്തിയപ്പോൾ
ദോഹ: ഖത്തറിൽനിന്ന് മരുന്നും ഭക്ഷ്യ വസ്തുക്കളും അവശ്യസാധനങ്ങളും ഉൾപ്പെടെ സഹായങ്ങളുമായി 13ാമത് വിമാനം ചൊവ്വാഴ്ച ഈജിപ്തിലെ അൽ അരിഷിലെത്തി. ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ച് 44 ദിവസം പിന്നിടുമ്പോൾ ഫലസ്തീനിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ടാണ് ഖത്തറിന്റെ സഹായ ഹസ്തം തുടരുന്നത്. ചൊവ്വാഴ്ച രണ്ടു സേനാ വിമാനങ്ങളിലായി 93 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഖത്തറിന്റെ നേതൃത്വത്തിൽ റഫ അതിർത്തിയോട് ചേർന്നുള്ള അൽ അർഷിലെത്തിച്ചു. ഞായറാഴ്ചയും 41 ടൺ വസ്തുക്കളാണ് ഗസ്സയിലേക്ക് എത്തിച്ചത്.
ഭക്ഷ്യ വസ്തുക്കൾ മുതൽ താമസ സംവിധാനങ്ങൾ വരെയുള്ള വിഭവങ്ങളുമായാണ് ചൊവ്വാഴ്ച വിമാനം എത്തിയത്. ഖത്തർ റെഡ് ക്രസന്റും, ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റും ചേർന്നാണ് ഗസ്സയിലേക്കുള്ള ദുരിതാശ്വാസ വസ്തുക്കളുടെ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇതിനകം ഖത്തർ 13 വിമാനങ്ങളിൽ 492 ടൺ വസ്തുക്കൾ ഈജിപ്ത് വഴി എത്തിച്ചു കഴിഞ്ഞു.
മേഖലയിൽ യുദ്ധം അവസാനിപ്പിക്കാനും, മാനുഷിക സഹായങ്ങൾ കൂടുതലായെത്തിക്കാനും ഖത്തർ നേതൃത്വത്തിൽ ശ്രമം തുടരുന്നതിനിടെയാണ് പലഘട്ടങ്ങളിലായി ദുരിതാശ്വാസ വസ്തുക്കളും എത്തിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി കഴിഞ്ഞയാഴ്ച ഖത്തർ വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര സഹകരണ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറും റഫ സന്ദർശിച്ചിരുന്നു.
ഏഷ്യൻ കപ്പ് ഫുട്ബാൾ മത്സരങ്ങളിൽ നിന്നുള്ള ടിക്കറ്റ് വരുമാനം ഫലസ്തീന് നൽകുമെന്ന് കഴിഞ്ഞ ദിവസം ടൂർണമെന്റ് സംഘാടക സമിതിയും പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.