സുപ്രീം കമ്മിറ്റി സുസ്​ഥിരത വിഭാഗം മേധാവി ബുദൂർ അൽ മീർ

ദോഹ: ഖത്തറിലെയും മേഖലയിലെയും പരിസ്ഥിതി സുസ്ഥിരത ശ്രമങ്ങൾ ഊർജിതമാക്കുന്നതിൽ ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബാൾ സഹായകമാകുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സുസ്ഥിരത വിഭാഗം മേധാവി എഞ്ചി. ബുദൂർ അൽ മീർ.

ഖത്തർ ലോകകപ്പിന്‍റെ സുസ്ഥിരത സ്ട്രാറ്റജി ഖത്തറിന്‍റെ ദേശീയ വികസന കാഴ്ചപ്പാട് 2030നും ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും പിന്തുണ നൽകുമെന്നും ബുദൂർ അൽ മീർ പറഞ്ഞു. റിയാദിൽ നടന്ന ഗൾഫ് പെട്രോകെമിക്കൽസ് ആൻഡ് കെമിക്കൽസ് അസോസിയേഷൻ പ്ലാസ്റ്റിക്സ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവർ.

ലോകകപ്പിന്‍റെ തയാറെടുപ്പുകൾ 10 വർഷം മുമ്പുതന്നെ ഖത്തർ ആരംഭിച്ചിട്ടുണ്ടെന്നും ആസൂത്രണ- നിർമാണ പദ്ധതികളുടെയും പരീക്ഷണങ്ങളുടെയും 12 വർഷമാണ് പിന്നിട്ടിരിക്കുന്നതെന്നും എല്ലാവർക്കും ഏറ്റവും മികച്ച അനുഭവം നൽകുകയെന്ന ലക്ഷ്യമാണ് ഞങ്ങൾക്കു മുന്നിലുള്ളതെന്നും അൽ മീർ വ്യക്തമാക്കി. പെേട്രാകെമിക്കൽ, കെമിക്കൽ മേഖലക്ക് ലോകകപ്പ് പോലെയുള്ള വമ്പൻ ടൂർണമെൻറുകൾ വിജയിപ്പിക്കുന്നതിൽ വലിയ പങ്കുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

ഫിഫ അറബ് കപ്പ് ഉൾപ്പെടെ ഖത്തറിൽ നടന്ന കായിക ടൂർണമെൻറുകളിൽ ഖത്തർ സ്വീകരിച്ച പരിസ്ഥിതി സൗഹൃദ നിലപാടുകളും പ്രവർത്തനങ്ങളും അവർ സമ്മേളനത്തിൽ പങ്കുവെച്ചു. നവംബർ 30 മുതൽ ഡിസംബർ 18 വരെ നടന്ന ടൂർണമെൻറിനിടയിൽ അൽ ബെയ്ത് സ്റ്റേഡിയത്തിൽ നിന്ന് മാത്രം 70 ശതമാനം മാലിന്യങ്ങൾ വിജയകരമായി റീസൈക്കിൾ ചെയ്തുവെന്ന് എഞ്ചി. അൽ മീർ ചൂണ്ടിക്കാട്ടി.

ലോക സമുദ്രങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കാൻ സെവൻ ക്ലീൻ സീസുമായി ചേർന്ന് സുപ്രീം കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിൻ സംബന്ധിച്ചും അവർ സമ്മേളനത്തിൽ വിശദീകരിച്ചു. 'വൺ ടൈഡ്' എന്ന പേരിൽ ആരംഭിക്കുന്ന കാമ്പയിനിലൂടെ ഖത്തറിലെയും ലോകത്തെയും ജനങ്ങളെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കുന്നതിന്‍റെ പ്രാധാന്യം വ്യക്തമാക്കും.

കാമ്പയിനിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കുന്നതിനുള്ള പദ്ധതികൾ സംബന്ധിച്ച് നിരന്തരം സാമൂഹിക മാധ്യമങ്ങളിലൂടെ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കും. സമുദ്രജീവികൾക്കും മഹാ സമുദ്രങ്ങൾക്കും പ്ലാസ്റ്റിക് മാലിന്യങ്ങൾ എങ്ങനെ ഉപദ്രവകരമാകുന്നുവെന്നും ആഘാതം സൃഷ്ടിക്കുന്നുവെന്നും കാമ്പയിനിലൂടെ ഓർമിപ്പിക്കുകയും ചെയ്യും. റീസൈക്ലിങ് സംസ്കാരം വളർത്തുന്നതിന് പ്രോത്സാഹനം നൽകുകയും പരിസ്ഥിതി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത് -സുപ്രീം കമ്മിറ്റി സുസ്ഥിരത വിഭാഗം മേധാവി പറഞ്ഞു.  

Tags:    
News Summary - Environmental sustainability efforts will accelerate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.