ദോഹ: പ്രമുഖ ജീവചരിത്രകാരനും എഴുത്തുകാരനുമായ എം.സി വടകരയെക്കുറിച്ച് 'സോള്‍ സ്പോക്സ് മാന്‍' എന്ന ഡോക്യുമെന്ററി ഖത്തറില്‍ പുറത്തിറക്കുന്നു. ഒക്ടോബര്‍ 13 വ്യാഴാഴ്ച രാത്രി 7 ന് ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ കെ.ജി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുസ്ലിംലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ.കെ. ബാവ ഓണ്‍ലൈനായി പ്രകാശനം ചെയ്യും. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഡോക്യുമെന്ററിയുടെ സംവിധായകനുമായ മുഹമ്മദ് ഹനീഫ, കോഴിക്കോട് ജില്ല മുസ്ലിംലീഗ് സെക്രട്ടറിയും എക്സിക്യൂട്ടിവ് പ്രൊഡ്യൂസറുമായ സമദ് പൂക്കാട് എന്നിവര്‍ പ്രഭാഷണം നടത്തും. ഖത്തര്‍ കെ.എം.സി.സി നേതാക്കള്‍ ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും. ഗവേഷക വിദ്യാർഥിനി സമിനാ അലി രചന നിര്‍വഹിച്ച ഡോക്യുമെന്ററിയുടെ നിർമാണം പ്രോമിസ് ഡെന്റല്‍ ഗ്രൂപ് ചെയര്മാന് ഡോ. അബ്ദുസ്സമദ് തച്ചോളിയാണ്.
സി.എച്ച്. മുഹമ്മദ് കോയ ജീവചരിത്രം, മുസ്ലിംലീഗ് ചരിത്രത്തിന്റെ ദശാസന്ധികളില്‍, ഇന്ത്യന്‍ മുസ്ലിംകളുടെ 100 വര്‍ഷങ്ങള്‍. കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ബാഫഖി തങ്ങള്‍ ജീവചരിത്രം തുടങ്ങിയ ബൃഹത്തായ രചനകളിലൂടെ പ്രസിദ്ധനാണ് എം.സി. വടകര എന്ന തൂലികനാമത്തില്‍ അറിയപ്പടുന്ന എം.സി. ഇബ്രാഹീം വടകര. ഇന്ത്യക്കകത്തും പുറത്തുമുള്ള പഠന ഗവേഷണ രംഗത്തെ നിരവധി പേര് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെ ആശ്രയിക്കുന്നുണ്ട്. കോഴിക്കോട് ജില്ല കെ.എം.സി.സിയുടെ പഠന ഗവേഷണ വിഭാഗമായ പാഠശാല കമ്മിറ്റിയാണ് പുറത്തിറക്കുന്നത്.
കേരളത്തിലെ മുസ്ലിം സമുദായത്തിന്റെയും മുസ്ലിം ലീഗിന്റെയും കഴിഞ്ഞ കാലവും വര്‍ത്തമാനവും എം.സി വടകരയെന്ന ചിന്തകന്‍ 'സോള്‍ സ്പോക്സ്മാന്‍' എന്ന ദൃശ്യാവിഷ്കാരത്തിലൂടെ പറയുമ്പോള്‍ കാഴ്ചക്കാര്‍ക്ക് അത് പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുമെന്ന് പാഠശാല ചെയര്മാന് നവാസ് കോട്ടക്കല്‍, കണ്‍വീനര്‍ അതീഖ് റഹ്മാന്, കോഓഡിനേറ്റര്‍ അജ്മല്‍ തെങ്ങലക്കണ്ടി എന്നിവര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.