യാത്രമുടക്കി എയർ ഇന്ത്യ; ദോഹ-കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്നു

ദോഹ: ഖത്തറിൽ നിന്നും കോഴിക്കോട്ടേക്കുള്ള 180ഓളം പേരുടെ യാത്ര മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്. തിങ്കളാഴ്ച ഉച്ചക്ക് 12.25ന് ദോഹയിൽനിന്ന് പുറപ്പെടേണ്ടിയിരുന്നു ഐ.എക്സ് 376 വിമാനമാണ് അനിശ്ചിതമായി വൈകിയത് കാരണം സ്ത്രീകളും കുട്ടികളും രോഗികളും ഉൾപ്പെടെയു​ള്ളവരുടെ യാത്ര മുടങ്ങിയത്. തിങ്കളാഴ്ച വൈകിയും പുറപ്പെടാൻ കഴിയാതായതോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. അടിയന്തര യാത്രക്കാർ ഉൾപ്പെടെയുള്ളവരാണ് എയർലൈൻ അധികൃതരുടെ അനാസ്ഥ കാരണം വലഞ്ഞത്.

തിങ്കളാഴ്ച ഉച്ചയോടെ വിമാനം പുറപ്പെടാൻ ഒരുങ്ങവെയാണ് യാത്ര റദ്ദാക്കിയത്. സുരക്ഷാ പരിശോധനയും മറ്റു നടപടികളും പൂർത്തിയാക്കി യാത്രക്കാർ 12 മണിയോടെ തന്നെ വിമാനത്തിൽ കയറിയിരുന്നു. എന്നാൽ, സീറ്റ് ബെൽറ്റും ധരിച്ച് പറന്നുയരാൻ കാത്തിരിക്കവെ ടേക്ക് ഓഫ് അനിശ്ചിതമായി വൈകി. ദോഹയിലെ 44 ഡിഗ്രിക്ക് മുകളിൽ ചൂടുള്ള നട്ടുച്ച സമയം ഒന്നേമുക്കാൽ മണിക്കൂറോളം യാത്രക്കാരെ വിമാനത്തിനുള്ളിൽ ഇരുത്തിയ ശേഷം എല്ലാവരെയും പുറത്തിറക്കുകയായിരുന്നു. തുടർന്ന് യാത്രക്കാർക്ക് ഉച്ച ഭക്ഷണത്തിനുള്ള കൂപ്പൺ നൽകി വിമാനത്താവളത്തിൽ തന്നെ ഇരുത്തി.

വൈകീട്ട് ആറ് മണിക്ക് പുറപ്പെടുമെന്നായിരുന്നു അടുത്ത അറിയിപ്പ്. അഞ്ച് മണിയോടെ വിമാനത്തിലേക്കുള്ള ഗേറ്റ് തുറക്കുമെന്നും അറിയിച്ചു. എന്നാൽ, വൈകീട്ടും വിമാനം പുറപ്പെടില്ലെന്ന് അറിയിച്ച് വീടുകളിലേക്ക് മടങ്ങാനായിരുന്നു എയർ ഇന്ത്യ അധികൃതരുടെ ആവശ്യം. ഇതോടെ, യാത്രക്കാർ വിമാനത്താവളത്തിനുള്ളിൽ ബഹളം വെക്കുകയും ഇവരെ ഹോട്ടലുകളിലേക്ക് മാറ്റുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ പുറപ്പെടും എന്നാണ് നിലവിലെ അറിയിപ്പ്. അതേസമയം, ഇതു സംബന്ധിച്ച് കൃത്യമായ സമയം ആരെയും അറിയിച്ചിട്ടില്ല.

Tags:    
News Summary - Air India Doha-Kozhikode flight delayed indefinitely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.