‘ലക്ഷ്യമിടുന്നത് എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം’ -ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: അന്താരാഷ്ട്ര വിദ്യാഭ്യാസദിനം മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം.

സുസ്ഥിര സമൂഹമായി മാറുന്നതിനും എല്ലാ ഘട്ടങ്ങളിലും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് ഒരുമിച്ചുപ്രവർത്തിക്കണമെന്ന് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നതോടൊപ്പം എല്ലാവർക്കും അനുയോജ്യമായ വിദ്യാഭ്യാസ അവസരങ്ങൾ നൽകണമെന്നും അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം ആഹ്വാനം ചെയ്യുന്നു.

പ്രീ യൂനിവേഴ്സിറ്റി ഘട്ടം മുതൽ സർവകലാശാല വിദ്യാഭ്യാസം വരെ വ്യത്യസ്തമായ വിദ്യാഭ്യാസ പരിപാടികൾ മന്ത്രാലയം വികസിപ്പിക്കുന്നുണ്ടെന്നും ആരെയും മാറ്റിനിർത്താതെ എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് ഖത്തർ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വിദ്യാഭ്യാസകാര്യ അസി.അണ്ടർ സെക്രട്ടറി മഹാ അൽ റുവൈലി പറഞ്ഞു.

പൗരന്മാരെ അവരുടെ ഊർജവും കഴിവും നന്നായി വിനിയോഗിക്കാൻ സഹായിക്കുന്നതിൽ വിദ്യാഭ്യാസം വലിയ പങ്കുവഹിക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസം പൊതു ഉത്തരവാദിത്തമായി കണക്കാക്കി ജനങ്ങളിൽ നിക്ഷേപമിറക്കാൻ മഹത്തായ നേതൃത്വത്തിന്റെ നിർദേശാനുസൃതം ഭരണകൂടം ശ്രമിക്കുന്നതായും മഹാ അൽ റുവൈലി കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുൻനിര ഗുണനിലവാര സൂചികയിൽ ഖത്തറിനെ എത്തിക്കുന്നതിൽ ഈ ശ്രമങ്ങൾ സഹായകമായെന്നും അൽ റുവൈലി അഭിപ്രായപ്പെട്ടു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കുന്നതിനും സ്കൂളുകളെ വിജ്ഞാനത്തിന്റെ വിളക്കുമാടങ്ങളാക്കി മാറ്റുന്നതിനും ഉന്നത വിദ്യാഭ്യാസം പ്രതിജ്ഞാബദ്ധമാണെന്നും അസി.അണ്ടർ സെക്രട്ടറി ചൂണ്ടിക്കാട്ടി.

യുനെസ്കോക്കുകീഴിൽ എല്ലാ വർഷവും ജനുവരി 24നാണ് അന്താരാഷ്ട്ര വിദ്യാഭ്യാസദിനമായി ആചരിച്ചുവരുന്നത്. സമൂഹങ്ങളുടെ പുരോഗതിക്കും സുസ്ഥിര വികസനം കൈവരിക്കുന്നതിനും ഏറ്റവും പ്രധാനപ്പെട്ടതും മികച്ചതുമായ മാർഗമാണ് വിദ്യാഭ്യാസം.

അത് എല്ലാവരുടെയും അവകാശവും ഓരോ വ്യക്തിയുടെയും അടിസ്ഥാന ആവശ്യവുമാണ്. ഏതൊരു രാജ്യത്തിന്റെയും ഏത് മുന്നണിയുടെയും വികസനത്തിനും പുരോഗതിക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട നിർമാണ ഘടകമാണ് വിദ്യാഭ്യാസമെന്ന തത്ത്വമാണ് ഈ ദിനം നൽകുന്ന സന്ദേശമെന്നും അവർ പറഞ്ഞു.  

Tags:    
News Summary - 'Aiming for quality education for all' -Qatar Ministry of Higher Education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.