ദോഹ: രാജ്യത്തെ സ്വകാര്യ സ്കൂളുകളിലും കിൻറർഗാർട്ടനുകളിലും 62,000ലധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ പ്രൈവറ്റ് സ്കൂൾ ലൈസൻസിങ് വകുപ്പ് അറിയിച്ചു. ബന്ധപ്പെട്ട നടപടിക്രമം പൂർത്തിയാകുന്നതോടെ അടുത്ത അധ്യായന വർഷത്തിൽ പുതിയ സ്കൂളുകൾക്ക് പ്രവർത്തനാനുമതി നൽകുമെന്നും പ്രൈവറ്റ് സ്കൂൾ ലൈസൻസിങ് വകുപ്പ് വ്യക്തമാക്കി.
2022-23 അധ്യായന വർഷത്തേക്കുള്ള സ്വകാര്യ സ്കൂളുകളിലേക്കും കിൻറർഗാർട്ടനുകളിലേക്കുമുള്ള രജിസ്ട്രേഷൻ നടപടികൾ മാർച്ച് ഒന്നിന് ആരംഭിച്ചിരുന്നു. ഖത്തറിലുള്ള വിദ്യാർഥികൾക്ക് ഈ വർഷം ഒക്ടോബർ 13 വരെയും ഖത്തറിന് പുറത്തുള്ള വിദ്യാർഥികൾക്ക് 2023 ജനുവരി വരെയും രജിസ്ട്രേഷൻ തുടരും. പാഠ്യപദ്ധതിയും ഫീസും കണക്കിലെടുത്ത് വിദ്യാർഥികൾക്ക് അനുയോജ്യമായ സ്കൂളുകളും കിൻറർഗാർട്ടനുകളും കണ്ടെത്താൻ രക്ഷിതാക്കൾ മുന്നോട്ടു വരണമെന്ന് പ്രൈവറ്റ് സ്കൂൾ ലൈസൻസിങ് വകുപ്പ് മേധാവി ഹമദ് മുഹമ്മദ് അൽ ഗാലി ആവശ്യപ്പെട്ടു. രാജ്യത്ത് 24 വ്യത്യസ്ത പാഠ്യപദ്ധതികളിലായി 334 സ്വകാര്യ സ്കൂളുകളും കിൻറർഗാർട്ടനുകളുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്കൂളുകൾ സംബന്ധിച്ച വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും സ്ഥലം, പാഠ്യപദ്ധതി, സ്കൂൾ ഘട്ടം, സ്കൂളിന്റെ പേര്, രീതി എന്നിവ അടിസ്ഥാനമാക്കി സ്കൂളുകൾ തിരയാനും തിരഞ്ഞെടുക്കാനും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും കഴിയുമെന്നും അൽ ഗാലി പറഞ്ഞു. ഇതിനായി https://www.edu.gov.qa/ar/Pages/PrivateSchoolSearch.aspx എന്ന പോർട്ടലാണ് സന്ദർശിക്കേണ്ടത്. മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യൻ പാഠ്യപദ്ധതിയിൽ നിലവിൽ 2787 ഒഴിവുകളാണുള്ളത്. ഏറ്റവും കൂടുതൽ ഒഴിവുകൾ ബ്രിട്ടീഷ് കരിക്കുലത്തിലും (29,809 ഒഴിവുകൾ) അമേരിക്കൻ കരിക്കുലത്തിലും (11,955) ആണുള്ളത്.
നാഷനൽ സ്റ്റാൻഡേർഡ് 2124, ഇത്യോപ്യൻ കരിക്കുലം 327, ജോർഡനിയൻ കരിക്കുലം 238, ജർമൻ കരിക്കുലം 370, അമേരിക്കൻ കരിക്കുലം 11955, അമേരിക്കൻ കരിക്കുലം IB 3502, ഇറാനിയൻ കരിക്കുലം 313, പാകിസ്താനി കരിക്കുലം 852, ബ്രിട്ടീഷ് കരിക്കുലം 29809, ബംഗ്ലാദേശ് കരിക്കുലം 122, തുർകിഷ് 26, തുനീഷ്യൻ 204, സുഡാനി 11, സിറിയൻ 63, ഫ്രഞ്ച് 2209, ഫലസ്തീനിയൻ 266, ഫിനിഷ് 208, കനേഡിയൻ 285, ലബനീസ് 171, ഈജിപ്ഷ്യൻ 55, ഇന്ത്യൻ 2787, ജാപ്പനീസ് 232, ബ്രിട്ടീഷ് അമേരിക്കൻ 51, ഇന്റർനാഷനൽ ബകാലോററ്റ് 6500 -ആകെ 62680 ഒഴിവുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.