ദോഹ: ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഇന്നലെ ഖത്തർ എയർവേസ് നടത്തിയ വിമാന സർവിസിലൂടെ നാട്ടിലെത്തിയത് 2600 ഇന്ത്യൻ പൗരന്മാർ. കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ്, അമൃത് സർ, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ദോഹയിൽനിന്ന് യാത്ര വിമാനങ്ങൾ ഒരുക്കിയത്. ഇതോടെ വ്യോമപാത ഭാഗികമായി തുറന്നതിന് പിന്നാലെ 9,0000 ലധികം യാത്രക്കാർ ദോഹയിൽനിന്ന് യാത്രതിരിച്ചിട്ടുണ്ട്. വ്യോമപാത ഭാഗികമായി തുറന്നതിന് പിന്നാലെ ഖത്തർ എയർവേസ് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവിസ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ യാത്രക്കാരെ കയറ്റിവിട്ടത്.
ഖത്തർ എയർവേയ്സ് നേരത്തെ നിർദേശിച്ചതുപോലെ, ഖത്തർ എയർവേയ്സ് വെബ്സൈറ്റ്, ആപ്പ് അല്ലെങ്കിൽ ട്രാവൽ ഏജന്റുമാർ വഴി വിമാന ടിക്കറ്റ് ബുക്കിങ് നടത്താം. സാധാരണ വിമാന സർവിസുകൾ നിർത്തിവെച്ചിട്ടുണ്ടെങ്കിലും, പ്രത്യേക അനുമതിയുള്ള റൂട്ടുകളിലൂടെ ഇന്ത്യയിലേക്ക് പരിമിതമായ സർവിസുകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. അടിയന്തര ചികിത്സ ആവശ്യമുള്ളവർക്കും വിസ കാലാവധി കഴിഞ്ഞവർക്കുമാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.
ഇന്ത്യൻ പൗരന്മാരുടെ യാത്ര സുഗമമാക്കുന്നതിന് എംബസി അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. വിമാന സർവിസുകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ നാട്ടിലേക്ക് പോകാൻ അടിയന്തരമായി ആഗ്രഹിക്കുന്നവർക്കും മറ്റും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഇന്ത്യൻ എംബസിയുടെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തനക്ഷമമായി തുടരുന്നുണ്ട്. കൂടാതെ ഇന്ത്യൻ എംബസിയുടെ അപെക്സ് ബോഡികളായ ഐ.സി.സി. ഐ.സി.ബി.എഫ് എന്നിവയുടെ ഹെൽപ് ലൈനുകളും ഹെൽപ്പ് ഡെസ്കുകളും പ്രവർത്തിക്കുന്നുണ്ട്. അടിയന്തര കേസുകൾ cons.doha@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ എംബസിയെ അറിയിക്കാം.അധികൃതർ നൽകുന്ന മാർഗനിർദേശങ്ങൾ സൂക്ഷ്മമായി പാലിക്കണെമന്നും ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.