യുനെസ്കോ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ
ഡോ. നാസർ ബിൻ ഹമദ് അൽ ഹിൻസാബ് സംസാരിക്കുന്നു
ദോഹ: പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗം അന്താരാഷ്ട്ര സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് യുനെസ്കോ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനും യുനെസ്കോയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധിയുമായ ഡോ. നാസർ ബിൻ ഹമദ് അൽ ഹിൻസാബ്. ആഗോളതലത്തിൽ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസ അവസരങ്ങൾ വ്യാപിപ്പിക്കുന്നതിനും അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാരീസിൽ യുനെസ്കോ ആസ്ഥാനത്ത് സംഘടിപ്പിച്ച 'ദി ഗ്ലോബൽ കോംപാക്റ്റ് ഫോർ സയൻസസ് -സസ്റ്റൈനബിൾ ഡെവലപ്മെന്റ്: കമ്മിറ്റ്മെന്റ്സ് ഫോർ 2030 ആൻഡ് ബിയോണ്ട്' മന്ത്രിതല ചർച്ചയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ അന്തസ്സ് നിലനിർത്തുന്നതിനും സുസ്ഥിര വികസനത്തിനും ശാശ്വത സമാധാനം നിലനിർത്തുന്നതിനും ഏറ്റവും അനിവാര്യമായ ഘടകമാണ് വിദ്യാഭ്യാസമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഓരോ വ്യക്തിയെയും ശാക്തീകരിക്കുന്നതിനും അവസരങ്ങൾ വർധിപ്പിക്കുന്നതിനും വെല്ലുവിളികൾ നേരിടാൻ പ്രാപ്തരായ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം, അന്താരാഷ്ട്ര സഹകരണം എന്നിവക്ക് ഏറെ പ്രാധാന്യമുള്ളതായും അദ്ദേഹം കരുതി.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം വിപുലീകരിക്കുന്നതിനും ശാസ്ത്ര പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിനും മാനവവിഭവശേഷി മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾക്ക് ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി നൽകിയ പിന്തുണ ആഗോളതലത്തിൽ വലിയൊരു മാതൃകയാണ്. ഇത് സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നതാണ്.
ഫാദർ അമീറിന്റെ ദീർഘവീക്ഷണം, വിദ്യാഭ്യാസം -ശാസ്ത്രം -സംസ്കാരം എന്നിവയിലൂടെ സമഗ്ര വികസനത്തിനും അതുവഴി സമാധാനം കെട്ടിപ്പടുക്കുക എന്ന യുനെസ്കോയുടെ ലക്ഷ്യങ്ങളുമായി യോജിച്ചുപോകുന്നതാണെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ ആഗോളതലത്തിൽ എക്കാലവും സ്മരിക്കപ്പെടുമെന്നും ഡോ. നാസർ അൽ ഹിൻസാബ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.