രാജ്യത്ത്  20 പുതിയ  ആരോഗ്യകേന്ദ്രങ്ങള്‍

ദോഹ: രാജ്യത്തെ വര്‍ധിച്ച ആരോഗ്യസംരക്ഷണ ആവശ്യം മുന്‍നിര്‍ത്തി  ഇരുപതോളം പുതിയ ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ (പി.എച്ച്.സി.സി) ഡയറക്ടര്‍ അറിയിച്ചു. 2019ഓടെ ഇതിന്‍െറ നിര്‍മാണം പൂര്‍ത്തിയാകും. പുതിയ ആരോഗ്യകേന്ദ്രങ്ങള്‍ വലിയതും കൂടുതല്‍ ചികില്‍സാ സൗകര്യങ്ങള്‍ നല്‍കുന്നതുമായിരിക്കും. കൂടാതെ സാമൂഹിക ബോധവല്‍കരണത്തിന് മുന്‍ഗണന നല്‍കുന്ന സംവിധാനങ്ങളും ഇവിടെ ഒരുക്കും. ക്ളിനിക്കല്‍ സേവനങ്ങള്‍ക്കൊപ്പം ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്താനായി വിവിധ സമൂഹങ്ങളുമായി നല്ല ബന്ധം ഊട്ടിയുറപ്പിക്കാനും ഇത്തരം ആരോഗ്യകേന്ദ്രങ്ങള്‍ ഉപയോഗിക്കും. 
നീന്തല്‍കുളങ്ങള്‍, ജിംനേഷ്യം, പ്രസവപൂര്‍വ പരിശോധനകള്‍, തൂക്കം ലഘൂകരിക്കാനുതകുന്ന കേന്ദ്രങ്ങള്‍ എന്നിവയും ഇവയോടനുബന്ധിച്ച് സ്ഥാപിച്ചാല്‍ മാത്രമേ ഇത്തരം കേന്ദ്രങ്ങളില്‍ ഉദ്ദേശിച്ച നേട്ടങ്ങള്‍ കൈവരികയുള്ളൂവെന്നും ‘അഫാഖ് ഖത്തര്‍ 2016’മായുള്ള കൂടിക്കാഴ്ചയിലല്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ ജനറല്‍ ഡയറക്ടര്‍ ഡോ. മറിയം എ. മാലിക്ക് പറഞ്ഞു. സന്ദര്‍ശനത്തിനുള്ള സമയം മുന്‍കൂര്‍ കരസ്ഥമാക്കണമെന്ന നിബന്ധനയില്ലാത്ത ചികിത്സ കേന്ദ്രങ്ങള്‍ക്ക് പുറമെ പരിശോധന കേന്ദ്രങ്ങളും കുടുംബങ്ങള്‍ക്കുള്ള ക്ളിനിക്കുകളും പ്രത്യേക ചികിത്സ വിഭാഗങ്ങളും ഇതോടനുബന്ധിച്ചുണ്ടാകും. ഉന്നത നിലവാരത്തിലുള്ള കെട്ടിട നിര്‍മിതിയിലുള്ള ഇത്തരം കേന്ദ്രങ്ങളില്‍ രോഗികള്‍ക്കും കുടുംബത്തിനും ജീവനക്കാര്‍ക്കും മികച്ച സൗകര്യം ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യമാണ് പ്രാവര്‍ത്തികമാക്കുന്നത്. പൊതുനിര്‍മാണ കമ്പനി ഏറ്റെടുത്ത് നടത്തുന്ന ഈ പദ്ധതികളില്‍ അല്‍ കറാന, റൗദ അല്‍ ഖായില്‍, ഉം സലാല്‍, ലിബൈബ്, അല്‍ ഖുവൈരിയ, അല്‍ തുമാമ തുടങ്ങിയ സ്ഥലങ്ങളിലെ ആറോളം കേന്ദ്രങ്ങളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.