‘വിദേശ പണമിടപാട് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം; മോഹന വാഗ്ദാനങ്ങളില്‍പ്പെട്ട് പണം കളയരുത്’

ദോഹ: കണ്ണഞ്ചിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി വെബ്സൈറ്റുകളിലെ വിദേശ പണമിടപാടുകാര്‍ ഇന്‍റര്‍നെറ്റുവഴി എത്തിയാല്‍ സൂക്ഷിക്കുക. ഇത്തരം സൈറ്റുകളില്‍ നിന്നുള്ള ആകര്‍ഷണീയമായ വാഗ്ധാനങ്ങളില്‍ പണം നിക്ഷേപിച്ച് കൂടുതല്‍ വരുമാനം സ്വപ്നം കാണുന്നവര്‍ക്ക് പണം പോയികിട്ടിയത് മാത്രമാണ് മിച്ചം. അതിനാല്‍ അനധികൃത വിദേശ പണമിടപാട് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതായി ‘ഖത്തര്‍ ട്രിബൂണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. 
വേഗത്തില്‍ കബളിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്ന നിക്ഷേപകരെ തെരഞ്ഞുപിടിച്ചാണ് വ്യാജ സൈറ്റുകള്‍ പദ്ധതി ആസൂത്രണം ചെയ്ത് പണം തട്ടുന്നത്. 
മെയില്‍ വഴിയും മറ്റും ഇവര്‍ ഇരകളെ കണ്ടത്തെി വാഗ്ധാന പ്രവാഹം നടത്തും. പണം നിക്ഷേപിച്ചാല്‍ വളരെ വേഗത്തില്‍തന്നെ ഉയര്‍ന്ന തുക തിരികെ ലഭിക്കുമെന്നാണ് ഇത്തരം സൈറ്റുകള്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഫോറക്സ് തട്ടിപ്പുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ളെങ്കിലും അതിനു ഇരകളാക്കപ്പെടുന്നവരുടെ എണ്ണം കുറയ്ക്കാനാകും. ആരെങ്കിലും തട്ടിപ്പിനിരയായതായി ബോധ്യപ്പെട്ടാലോ തട്ടിപ്പിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കണ്ടാലോ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാം. 
പോലീസ് അന്വേഷണത്തില്‍ ഇത്തരം തട്ടിപ്പുകാരെ വലയിലാകാനും കൂടുതല്‍ പേര്‍ അകപ്പെടുന്നതിനെ തടുക്കാനും സാധിക്കുമെന്നും ദോഹയിലെ ഒരു പ്രമുഖ ബാങ്കര്‍ വ്യക്തമാക്കി. ആഗോളസാമ്പത്തിക വിപണിയില്‍ എല്ലാവിധത്തിലുമുള്ള നിക്ഷേപത്തട്ടിപ്പുകളും റിപ്പോര്‍ട്ട് ചെയ്യപ്പടുന്നുണ്ട്. എന്നാല്‍  ഇത്തരം തട്ടിപ്പുകള്‍ ഇപ്പോള്‍ കൂടുതലായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
അത്തരം സൈറ്റുകളെ പൂര്‍ണമായും ഒഴിവാക്കണം, അവരുടെ വലയില്‍ ഒരു കാരണവശാലും വീഴരുത്. നിയമങ്ങള്‍ അനുസരിച്ചല്ല അവ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സൈറ്റുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലന്നതും ഇക്കൂട്ടര്‍ക്ക് അനുകൂലമാണ്. 
 ഫോറക്സ് ഇടപാട് തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായും ആരു വേണമെങ്കിലും ഇത്തരം തട്ടിപ്പുകളില്‍ വീഴാവുന്ന സ്ഥിതിയാണെന്നും ഖത്തറിലെ ഒരു പ്രമുഖ വിദേശ പണമിടപാട് സ്ഥാപനത്തിലെ വിദഗ്ധന്‍ ചൂണ്ടിക്കാട്ടി. ഫോറക്സ് ബ്രോക്കറെ തെരഞ്ഞെടുമ്പോള്‍ അതീവ സൂക്ഷ്്മതയും വിദഗ്ധ ഉപദേശവും സ്വീകരിക്കണം.   
തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കേസുകളും നിയമനടപടികളും കൂടുതലായതോടെ ഇത്തരത്തിലുള്ള നിരവധി ഓണ്‍ലൈന്‍ സൈറ്റുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിരവധി അനധികൃത ഫോറക്സ് സൈറ്റുകള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നതായും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഇത്തരം കേസുകളുണ്ടായാല്‍ കാലതാമസം കൂടാതെ തന്നെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ക്യാപിറ്റല്‍ പോലീസിലെ സൈബര്‍ ക്രൈം അന്വേഷണ സെല്ലിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ഇത്തരം കേസുകള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലെ(സിഐഡി) സാമ്പത്തിക തട്ടിപ്പ് പ്രതിരോധ വിഭാഗത്തിലേക്ക് കൈമാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
കഷ്ടപ്പെട്ട് അദ്ധ്വാനിച്ചുണ്ടാകുന്ന പണം തട്ടിപ്പുകാരുടെ കൈകളില്‍ എത്താതിരിക്കാന്‍ ആളുകള്‍ തന്നെ ഇക്കാര്യത്തില്‍ ശ്രദ്ധിക്കുകയാണ് പ്രാഥമികമായ ഘടകം.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.