വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്തുള്ള അദ്ദേഹത്തിന്റെ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ അന്താരാഷ്ട്ര, മാനുഷിക പ്രവർത്തനങ്ങളിലും പരിശ്രമങ്ങളിലും വിജയിക്കുന്നതിന് സുൽത്താന്റെ ആശംസകൾ മന്ത്രി അറിയിച്ചു. തന്റെ ആശംസകൾ സുൽത്താനെ അറിയിക്കണമെന്ന് അന്റോണിയോ ഗുട്ടെറസ് വിദേശകാര്യമന്ത്രിയോട് പറഞ്ഞു.
ഒമാനും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള നിലവിലുള്ള സഹകരണത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. സമാധാനത്തിനും സുസ്ഥിര വികസനത്തിനും പിന്തുണ നൽകുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.പ്രധാനപ്പെട്ട അന്താരാഷ്ട്ര വെല്ലുവിളികളെക്കുറിച്ചും പ്രത്യേകിച്ച് ഗസ്സയിലെ മാനുഷിക സാഹചര്യത്തെക്കുറിച്ചും ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി. ഗസ്സയിൽ അടിയന്തര വെടിനിർത്തലിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ദുരിതാശ്വാസ സാമഗ്രികൾ ജനങ്ങളിലേക്ക് എത്താൻ അനുവദിക്കുന്നതിനുള്ള സമ്മർദം ശക്തമാക്കി സാധാരണക്കാരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനെക്കുറിച്ചും അഭപ്രായങ്ങൾ കൈമാറി. യോഗത്തിൽ അംബാസഡർ അറ്റ് ലാർജ് ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഹിനായ്, ഐക്യരാഷ്ട്രസഭയിലെ ഒമാൻ സ്ഥിരം പ്രതിനിധി ഒമർ ബിൻ സഈദ് അൽ കാതിരിരി, ഡിപ്ലോമാറ്റിക് അക്കാദമി മേധാവി ശൈഖ് ഹുമൈദ് ബിൻ അലി അൽ മാനി, ഇരുവിഭാഗങ്ങളിലെയും നിരവധി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.