ദുബൈയിൽ നടന്ന വേൾഡ് ഹെൽത്ത് എക്സ്പോ വേദിയിൽ ഫ്യുജി ഫിലിമുമായി ബദർ അൽ സമ റോയൽ ഹോസ്പിറ്റൽ ധാരണപത്രത്തിൽ ഒപ്പുവെച്ചപ്പോൾ
മസ്കത്ത്: ഒമാൻ സുൽത്താനേറ്റിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ ഹൃദയചികിത്സ രംഗത്ത് നിർണായക മുന്നേറ്റമായി ബദർ അൽ സമ റോയൽ ഹോസ്പിറ്റൽ ഫ്യുജി ഫിലിമുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ദുബൈയിൽ നടന്ന വേൾഡ് ഹെൽത്ത് എക്സ്പോ വേദിയിലായിരുന്നു ഒപ്പുവെക്കൽ. ഈ വർഷം മേയിൽ ആരംഭിക്കാനിരിക്കുന്ന പദ്ധതി പ്രകാരം, എഐ സാങ്കേതികവിദ്യ സംയോജിപ്പിച്ച കാർഡിയാക് കാതറ്ററൈസേഷൻ ലബോറട്ടറി (കാത്ത് ലാബ്) സംവിധാനമാണ് ആശുപത്രിയിൽ സ്ഥാപിക്കുന്നത്.
ഇൻട്രാകോറോണറി ഒപ്റ്റിക്കൽ കോഹറൻസ് ടോമോഗ്രഫിയും (ഒ.സി.ടി) ഇൻട്രാവാസ്കുലാർ ലിതോട്രിപ്സിയും (ഐ.വി.എൽ) ഉൾക്കൊള്ളുന്ന സംവിധാനം നടപ്പാക്കുന്ന ഒമാനിലെ ആദ്യ സ്വകാര്യ ആശുപത്രിയായി ഇത് മാറും. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ഹെൽത്ത് സെന്റർ, സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ തുടങ്ങിയ സർക്കാർ ആശുപത്രികളിൽ ഇതിനകം ഇത്തരം ഹൃദയചികിത്സാ സൗകര്യങ്ങൾ ഉണ്ടെണങ്കിലും സ്വകാര്യ മേഖലയിലെ ഒമാനിൽ ആദ്യമാണ്. പുതിയ പ്ലാറ്റ്ഫോം എഐ സഹായത്തോടെ ഉയർന്ന നിലവാരത്തിലുള്ള ഇമേജിങ് സൗകര്യങ്ങൾ നൽകും. ക്ലിനിക്കൽ കൃത്യത വർധിപ്പിക്കുന്നതിനൊപ്പം രോഗികൾക്കും ഡോക്ടർമാർക്കും നേരിടേണ്ടി വരുന്ന റേഡിയേഷൻ അളവ് നിയന്ത്രിക്കുന്നതിലും ഇത് സഹായകരമാകും.
ബ്ലോക്കേജുകളുടെ കൃത്യമായ നിർണയം, റേഡിയേഷൻ വികിരണവും ശസ്ത്രക്രിയാ അപകടസാധ്യതയും കുറവ്, കാൽസിഫൈഡ് ബ്ലോക്കേജുകൾ സുരക്ഷിതമായി ചികിത്സിക്കാനുള്ള സൗകര്യം, ‘മെറ്റൽ-ലെസ്’ ആൻജിയോപ്ലാസ്റ്റി, വേഗത്തിലുള്ള സുഖപ്രാപ്തി തുടങ്ങിയവയണ് രോഗികൾക്കുള്ള നേട്ടം. ‘ഒമാനിലെ രോഗികൾക്ക് ലോകോത്തരവും സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ബദർ അൽ സമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ്, പി.എ. മുഹമ്മദ് എന്നിവർ പറഞ്ഞു.
അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായുള്ള ഈ നീക്കം സ്വകാര്യ ആരോഗ്യ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഫിറാസത്ത് ഹസൻ, മൊയ്തീൻ ബിലാൽ എന്നിവർ അറിയിച്ചു . ചടങ്ങിൽ സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റും ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറുമായ ഡോ.ബെന്നി പനക്കൽ, ഫുജിഫിലിം മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മെഡിക്കൽ ഡിവിഷൻ ജനറൽ മാനേജർ അതുഷി തതീഷി, ഇന്നവേഷൻ ഇമേജിംഗ് ടെക്നോളജീസ് എം.ഡിയും ഫൗണ്ടിങ് പാർട്ണറുമായ ഗൗരവ് അഗർവാൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.