മുസന്ദം ഖസബ് വിലായത്തിലെ ഖോർ ഖാദിയിൽ നടന്ന പരമ്പരാഗത വള്ളം കളി മത്സരത്തിൽനിന്ന്
ഖസബ്: മുസന്ദം ഖസബ് വിലായത്തിലെ ഖോർ ഖാദിയിൽ പരമ്പരാഗത വള്ളംകളി മത്സരങ്ങൾക്ക് തിങ്കളാഴ്ച വൈകീട്ട് തുടക്കമായി. വിന്റർ മുസന്ദം സീസണിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ മത്സരങ്ങൾക്ക് മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം സഈദ് അൽ ബുസൈദി രക്ഷാധികാരിയായി.
പ്രാദേശിക ടീമുകളുടെ വിപുലമായ പങ്കാളിത്തത്തോടെ മത്സരം ആവേശകരമായ അന്തരീക്ഷത്തിൽ അരങ്ങേറിയതായി ‘വിന്റർ മുസന്ദം’ സീസണിലെ പരിപാടി-പ്രോഗ്രാം സമിതി അംഗവും ഖസബ് മുനിസിപ്പാലിറ്റി ഡയറക്ടറുമായ ഹമദ് ബിൻ ഇബ്രാഹിം അൽ-ഷെഹ്ഹി പറഞ്ഞു.
ജലകായിക വിനോദങ്ങളോടുള്ള മുസന്ദത്തിലെ ജനങ്ങളുടെ ആഴത്തിലുള്ള ഇഷ്ടവും ദീർഘകാല സമുദ്രപാരമ്പര്യത്തോടുള്ള അടുത്ത ബന്ധവും മൽസര പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാന്റെ സമുദ്രപാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുകയും പരമ്പരാഗത തുഴച്ചിൽ കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം, മുസന്ദം ഗവർണറേറ്റിന്റെ അതുല്യമായ തീരദേശ സൗന്ദര്യത്തെ വിനോദസഞ്ചാര-കായിക ലക്ഷ്യസ്ഥാനമായി ഉയർത്തിക്കാട്ടുകയുമാണ് മത്സരത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി. വിജയികളെ മുസന്ദം ഗവർണർ ആദരിച്ചു. മുസന്ദം വിന്റർ സീസണിലെ പ്രധാന ആകർഷണങ്ങളിലൊന്നായ പരമ്പരാഗത വള്ളംകളി മത്സരം കാണുന്നതജനൊപ്പം മുസന്ദത്തിന്റെ പ്രകൃതി ഭംഗിയും പൈതൃകവും അനുഭവിക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദർശകർ എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.