ഇറാൻ തീരത്തേക്ക് യു.എസ് യുദ്ധക്കപ്പലുകൾ; ആക്രമണങ്ങൾ കൂടുതൽ ശക്തമായിരിക്കുമെന്ന് ഇറാന് ട്രംപിന്‍റെ മുന്നറിയിപ്പ്

വാഷിങ്ടൺ: ഭരണകൂടത്തിനെതിരായ പ്രതിഷേധം രൂക്ഷമായ ഇറാന്‍റെ സമീപത്തേക്ക് അമേരിക്കൻ യുദ്ധക്കപ്പലുകൾ അടുത്തുകൊണ്ടിരിക്കുകയാണെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇറാനിൽ 5000 ത്തോളം പേർ കൊല്ലപ്പെട്ടു എന്ന മനുഷ്യാവകാശ പ്രവർത്തകരുടെ റിപ്പോർട്ടിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രസ്താവന.

ഇറാൻ- യു.എസ് ബന്ധം കൂടുതൽ വഷളാക്കുന്ന നടപടിയാണിത്. ഇറാനിൽ ഇന്‍റർനെറ്റ് ബന്ധം പൂർണമായും വിഛേദിച്ച സാഹചര്യത്തിൽ വിവരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും യഥാർത്ഥ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു.

ഇതിന് പിന്നാലെയാണ് ഒരു സംഘം അമേരിക്കൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യ ലക്ഷ്യമിട്ട് സഞ്ചരിക്കുന്നതായി ട്രംപ് വെളിപ്പെടുത്തിയത്. യുദ്ധക്കപ്പലുകൾ ഒരു കരുതലിന് വേണ്ടി അയച്ചതാണെന്നും സ്ഥിതി മോശമായാൽ ഉപയോഗിക്കുമെന്നും വാർത്താ ഏജൻസിയായ എ.പി റിപ്പോർട്ട് ചെയ്തു.

ഇതുവരെ ഒരു ആക്രമണവും നടന്നിട്ടില്ലെങ്കിലും സൈനിക ആക്രമണ സാധ്യത പൂർണ്ണമായും തള്ളിക്കളയാനാവില്ലെന്നാണ് ഇതിനർത്ഥം എന്ന് വിദഗ്ദ്ധർ പറഞ്ഞു. യുദ്ധം ആരംഭിക്കുന്നതിൽ ട്രംപ് ശ്രദ്ധാലുവായിരിക്കുമെന്നും ഇത്രയും സൈനിക സന്നാഹം ഉപയോഗിക്കുന്നതിൽ ഒരു ബലപ്രയോഗത്തിന്‍റെ സാധ്യത ഉണ്ടെന്നും ആഗോള സുരക്ഷാ സംഘടനകളും ആശങ്കപ്പെടുന്നുണ്ട്.

ഇതിനിടയിൽ യുദ്ധക്കപ്പലുകൾ ഉപയോഗിക്കേണ്ടിവരില്ലെന്ന് പ്രതീക്ഷിക്കുന്നെന്നും എന്നാൽ ഈ നടപടി അത്യാവശ്യമാണെന്നും ട്രംപ് പറഞ്ഞു. ഭാവിയിൽ ഉണ്ടായേക്കാവുന്ന ആക്രമണങ്ങൾ കൂടുതൽ ശക്തമായിരിക്കുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാനിൽ ഇതുവരെ 4716 പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായി യു.എസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന റിപ്പോർട്ട് ചെയ്തു. 203 സർക്കാർ ഉദ്യോഗസ്ഥരും പ്രതിഷേധങ്ങളുടെ ഭാഗമല്ലാതിരുന്ന 43 കുട്ടികളും 40 പൗരരും ഇരാനിൽ ഇതുവരെ കൊല്ലപ്പെട്ടു.

26,800ലധികം പേർ തടവിലായെന്നും ഇറാൻ പുറത്തുവിട്ട മരണസംഖ്യ യാഥാർഥ്യത്തേക്കാൾ വളരെ കുറവാണെന്നും സംഘടന അറിയിച്ചു. മാത്രമല്ല കൊല്ലപ്പെട്ടവരിൽ ചിലർ തീവ്രവാദികളാണെന്നായിരുന്നു ഇറാന്‍റെ വാദം. 

Tags:    
News Summary - Trump says US ‘armada’ moving closer to Iran amid rising tensions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.