തെഹ്റാൻ: ഹുർമുസ് കടലിടുക്കിലെ നിയന്ത്രണം തുടരുമെന്നും രക്തസാക്ഷികളുടെ രക്തത്തിന് പകരംചോദിക്കുമെന്നും ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ. പരമോന്നത പദവി ഏറ്റെടുത്തശേഷം ആദ്യമായി രാജ്യത്തെ ജനങ്ങൾക്ക് നൽകിയ സന്ദേശത്തിലാണ് മുജ്തബ നിലപാട് വ്യക്തമാക്കിയത്.
അയൽരാജ്യങ്ങളുമായുള്ള സൗഹൃദത്തിലാണ് ഇറാൻ വിശ്വസിക്കുന്നത്. മേഖലയിലെ യു.എസ് സൈനിക താവളങ്ങളെയാണ് തങ്ങൾ ആക്രമിച്ചത്. അത് ഇനിയും തുടരും. മേഖലയിലെ എല്ലാ യു.എസ് സൈനിക താവങ്ങളും ഉടൻ അടച്ചുപൂട്ടണം. അല്ലാത്തപക്ഷം താവളങ്ങൾക്കുനേരെയുള്ള ആക്രമണം തുടരുമെന്നും മുജ്തബ മുന്നറിയിപ്പ് നൽകി.
ഇറാൻ സൈന്യത്തിന് പരമോന്നത നേതാവ് നന്ദി പറഞ്ഞു. നമ്മുടെ രാജ്യം സമ്മർദത്തിലും ആക്രമണത്തിലും പെട്ടിരിക്കുന്ന ഈ സമയത്ത് ധീരതയോടെ പൊരുതുന്ന സൈനികരോട് നന്ദി പറയുന്നു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകും. കേടുപാടുകൾ സംഭവിച്ചവർക്ക് സാമ്പത്തിക സഹായം അനുവദിക്കും. അയൽ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മുജ്തബ പറഞ്ഞു.
മുജ്തബയുടെ സന്ദേശം ടെലിവിഷൻ അവതാരക വായിക്കുകയായിരുന്നു. യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ മുജ്തബക്ക് പരിക്കേറ്റതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഫെബ്രുവരി 28ന് നടന്ന യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മകൻ മുജ്തബയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തത്.
അലി ഖാംനഈയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഖാംനഈ. ദീർഘകാലമായി ഇറാൻ്റെ രാഷ്ട്രീയ-സൈനിക തലങ്ങളിലെ കരുത്തുറ്റ സാന്നിധ്യമാണ് മുജ്തബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.