വാഷിങ്ടൺ: ഹുർമുസ് കടലിടുക്ക് കടക്കാൻ കപ്പലുകൾക്ക് സുരക്ഷയൊരുക്കുമെന്ന പ്രഖ്യാപനത്തിൽനിന്ന് യു ടേൺ അടിച്ച് യു.എസ്. നിലവിൽ ഹുർമുസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകൾക്ക് അകമ്പടി നൽകാൻ യു.എസ് നാവിക സേന സജ്ജമല്ലെന്ന് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു.
"ഉടൻ തന്നെ ഇത് സംഭവിക്കും, പക്ഷേ ഇപ്പോൾ സാധ്യമല്ല" -സി.എൻ.ബി.സി ചാനലിന് നൽകിയ അഭിമുഖത്തിൽ റൈറ്റ് പറഞ്ഞു. യു.എസുമായുള്ള സംഘർഷത്തെ തുടർന്ന് ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ഇറാൻ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. പിന്നാലെയാണ് ഹുർമുസിൽ യു.എസ് നാവികസേന ആവശ്യമെങ്കിൽ അകമ്പടി നൽകുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞത്.
"ഇപ്പോൾ സാധ്യമല്ല. ഇറാന്റെ ആക്രമണ ശേഷിയും അതിന് ആവശ്യമായ സൈനിക ഉൽപാദന വ്യവസായവും നശിപ്പിക്കുന്നതിലുമാണ് നിലവിൽ യു.എസ് സേന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മാസം അവസാനത്തോടെ ടാങ്കറുകൾക്ക് അകമ്പടി നൽകാൻ നേവി സജ്ജമാകുമെന്നും റൈറ്റ് അറിയിച്ചു. ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചതോടെ ഒരു ബാരൽ ക്രൂഡ് ഓയിൽ വില 30 ശതമാനം വരെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞദിവസം റൈറ്റിന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ യു.എസ് നാവിക സേന ഒരു ടാങ്കറിന് കടലിടുക്കിലൂടെ അകമ്പടി നൽകിയെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. നിഷേധിച്ച് ഇറാൻ രംഗത്തുവന്നതിനു പിന്നാലെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
റൈറ്റിന്‍റെ പോസ്റ്റിനു പിന്നാലെ എണ്ണവില കുറഞ്ഞിരുന്നു. ഫെബ്രുവരി 28ന് ഇസ്രായേലും യു.എസും സംയുക്തമായി ഇറാനുനേരെ ആക്രമണം ആരംഭിച്ചതോടെയാണ് ഹുര്‍മുസ് കടിലുടുക്കിലൂടെയുള്ള ഗതാഗതം ഇറാൻ തടഞ്ഞത്. ഇതോടെ ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയരുകയാണ്. അതേസമയം, അമേരിക്കയും ഇസ്രായേലും തങ്ങളുടെ അവകാശങ്ങൾ അംഗീകരിച്ചാൽ മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ തയാറാണെന്ന് ഇറാൻ പ്രസിഡന്‍റ് മസ്ഊദ് പെസഷ്കിയാൻ അറിയിച്ചിരുന്നു. നിലവിലെ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമായും മൂന്ന് നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചത്. ഇറാന്റെ പരമാധികാരം പൂർണമായും അംഗീകരിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുക, ഭാവിയിൽ സമാനമായ സംഘർഷങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പുനൽകുക എന്നീ കാര്യങ്ങൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാമെന്നാണ് ഇറാൻ പ്രസിഡന്‍റ് വ്യക്തമാക്കിയത്.
റഷ്യയിലെയും പാകിസ്താനിലെയും നേതാക്കളുമായി സംസാരിച്ചപ്പോഴും താൻ ഇക്കാര്യം വ്യക്തമാക്കിയെന്ന് പെസഷ്കിയാൻ പറഞ്ഞു. മേഖലയിലെ സമാധാനത്തിന് ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ യു.എസും ഇസ്രയേലും തുടങ്ങിവെച്ച ഈ യുദ്ധം അവസാനിക്കണമെങ്കിൽ ഇറാന്റെ നിയമാനുസൃത അവകാശങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.