സാവോപോളോ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ലൈംഗിക ചൂഷണ ശൃംഖലയിലേക്ക് പെൺകുട്ടികളെ എത്തിക്കാൻ മോഡലിങ് ഏജൻസികളെ മറയാക്കിയെന്ന വെളിപ്പെടുത്തലുമായി കൂടുതൽ പേർ രംഗത്ത്. മോഡലിങ് രംഗത്തെ പ്രമുഖനായ ജീൻ-ലൂക്ക് ബ്രൂണൽ വഴി തങ്ങളെ എപ്‌സ്റ്റീന്റെ പക്കലെത്തിക്കാൻ ശ്രമിച്ചുവെന്നാണ് ബ്രസീലിയൻ യുവതികൾ ബി.ബി.സിയോട് വെളിപ്പെടുത്തിയത്.
2004-ൽ ബ്രസീലിലെ ഗ്രാമത്തിൽനിന്ന് മോഡലിങ് ലോകത്തേക്ക് ചുവടുവെച്ച 16-കാരി ഗ്ലൗസിയ ഫെകെറ്റെക്ക് നേരിടേണ്ടി വന്നത് ഭയപ്പെടുത്തുന്ന അനുഭവങ്ങളായിരുന്നു. പ്രമുഖ ഏജന്റായ ബ്രൂണൽ തന്റെ വീട്ടിലെത്തി അമ്മയെ സ്വാധീനിച്ച് ഇക്വഡോറിലെ ഒരു മോഡലിങ് മത്സരത്തിന് കൊണ്ടുപോയെന്നും അവിടെ വെച്ച് മാതാപിതാക്കളുമായി ബന്ധപ്പെടാൻ അനുവദിക്കാതെ തന്നെ നിയന്ത്രിച്ചിരുന്നതായും അവർ പറഞ്ഞു.
'മത്സരത്തിന് പിന്നാലെ എല്ലാ ചിലവുകളും വാഗ്ദാനം ചെയ്ത് തന്നെ ന്യൂയോർക്കിലേക്ക് കൊണ്ടുപോകാൻ ബ്രൂണൽ ശ്രമിച്ചു. എന്നാൽ സംശയം തോന്നിയ അമ്മ അതിന് സമ്മതിച്ചില്ല. അവർ കുട്ടികളെയും പ്രായപൂർത്തിയാകാത്തവരെയുമാണ് തിരഞ്ഞിരുന്നത്. അമ്മയുടെ കർക്കശമായ തീരുമാനമാണ് അന്ന് എന്നെ രക്ഷിച്ചത്," ഗ്ലൗസിയ പറഞ്ഞു.
മറ്റൊരു യുവതിയും സമാന രീതിയിൽ എപ്‌സ്റ്റീന്റെ കെണിയിൽ വീണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. മോഡലിങ്ങിൽ അവസരം വാഗ്ദാനം ചെയ്ത് സാവോപോളോയിൽ എത്തിച്ച തന്നെ ഒരു പെൺവാണിഭ സംഘത്തിന് കൈമാറുകയും അവിടെ വെച്ച് എപ്‌സ്റ്റീൻ തന്നെ തിരഞ്ഞെടുത്തെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതി പറഞ്ഞു. തന്റെ പാസ്പോർട്ടും രേഖകളും കൈക്കലാക്കിയ സംഘം യാത്രയുടെയും ഫോട്ടോഷൂട്ടിന്റെയും പണത്തിന് പകരമായി ലൈംഗിക തൊഴിൽ ചെയ്യണമെന്ന് നിർബന്ധിക്കുകയായിരുന്നു.
ബ്രൂണലിന്റെ മോഡലിങ് ഏജൻസിയുടെ പേരിൽ വ്യാജ രേഖകൾ ചമച്ചാണ് ഇവർക്ക് അമേരിക്കൻ വിസ സംഘടിപ്പിച്ചു നൽകിയത്. എന്നാൽ, മോഡലിങ്ങിന് വേണ്ടിയല്ല, മറിച്ച് എപ്‌സ്റ്റീനെ സന്ദർശിക്കാനാണ് ഈ വിസ ഉപയോഗിച്ചതെന്നും അവർ വെളിപ്പെടുത്തി. എപ്‌സ്റ്റീന്റെ സ്വകാര്യ ദ്വീപുകളിലടക്കം താൻ സന്ദർശനം നടത്തിയിട്ടുണ്ടെന്നും, അവിടെ വെച്ച് പല പെൺകുട്ടികളെയും ഇയാൾ ദുരുപയോഗം ചെയ്തിരുന്നതായും യുവതി ബി.ബി.സിയോട് പറഞ്ഞു.
യുവതികളുടെ വെളിപ്പെടുത്തലിന് പിന്നാലെ ബ്രസീലിൽ നിന്ന് പെൺകുട്ടികളെ കടത്തുന്നതിന് പിന്നിൽ വലിയൊരു ശൃംഖല പ്രവർത്തിച്ചിരുന്നോ എന്ന് ബ്രസീൽ ഫെഡറൽ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അന്വേഷിച്ചു വരികയാണ്. മനുഷ്യക്കടത്ത് വിഭാഗത്തിലെ പ്രോസിക്യൂട്ടർ സിന്തിയ ഗബ്രിയേല ബോർജസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കാലപ്പഴക്കം ബാധകമല്ലാത്തതിനാൽ വർഷങ്ങൾക്ക് ശേഷവും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാകുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കുറ്റാരോപിതനായ ജീൻ-ലൂക്ക് ബ്രൂണൽ വിചാരണ നേരിടുന്നതിനിടെ ജയിലിൽ വെച്ച് ആത്മഹത്യ ചെയ്തിരുന്നു. താൻ രക്ഷപ്പെട്ടത് അമ്മയുടെ ദീർഘവീക്ഷണം കൊണ്ടാണെന്ന് ഗ്ലോസിയ പറയുമ്പോൾ, തകർന്നുപോയ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എപ്സ്റ്റീന്റെ വലയിലകപ്പെട്ട നിരവധി യുവതികൾ. ജയിലിൽ വെച്ച് ആത്മഹത്യ ചെയ്ത ജെഫ്രി എപ്‌സ്റ്റീന്റെയും ജീൻ-ലൂക്ക് ബ്രൂണലിന്റെയും ക്രൂരതകളുടെ കൂടുതൽ ഇരകൾ ഇനിയും പുറത്തുവരാനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.