സ്ഫോടനത്തിന്‍റെ വീഡിയോ ദൃശ്യങ്ങളിൽനിന്ന്
ബാഗ്ദാദ്: ഇറാഖ് തീരത്ത് രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇറാഖിന്‍റെ അൽ ഫോ തുറമുഖത്തിനടുത്താണ് വാണിജ്യ ടാങ്കറുകളെ ഇറാൻ ആക്രമിച്ചത്. ഇറാഖിലെ തെക്കൻ നഗരമായ ബസ്രക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രധാന ആഴക്കടൽ തുറമുഖമാണിത്.
യു.എസ് ഉടമസ്ഥതയിലുള്ള കപ്പലും ആക്രമിക്കപ്പെട്ടു. മാൾട്ടീസ് പതാകയുള്ള സെഫിറോസ്, യു.എസ് കമ്പനിയുടെ ഉടമസ്ഥാവകാശമുള്ള മാർഷലീസ് ദ്വീപുകളിലെ പതാകയുള്ള സഫീസിയ വിഷ്ണു എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
കപ്പലുകളിൽ വൻ സ്ഫോടനം തീപിടുത്തവും ഉണ്ടാകുന്നതിന്‍റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. നങ്കൂരമിട്ടിരുന്ന ടാങ്കറുകളിൽ നിന്ന് എണ്ണ ചോരുന്നതിന്റെ സൂചനയായി വെള്ളത്തിൽ തീ പടരുന്നതായി കാണപ്പെട്ടുവെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
ഇറാനെയും ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയും ആക്രമിക്കുന്നത് നിർത്താനും സംഘർഷം വഷളാവുന്നത് തടയാനും അമേരിക്കക്ക് സമ്മർദം ചെലുത്തുന്നതാണ് ഇറാന്‍റെ പുതിയ നീക്കം. ഇരുടാങ്കറുകളിലുമായി 4 ലക്ഷം ബാരൽ ഇറാഖിയൻ എണ്ണ ഉണ്ടായിരുന്നതായി ഷിപ്പ് ട്രാക്കിങ് വെബ്സൈറ്റായ ടാങ്കർട്രാക്കേർസ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ തകർന്ന കപ്പലുകളിൽ നിന്ന് 38 വിദേശ ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഇറാഖിലെ ജനറൽ കമ്പനി ഫോർ പോർട്ട്‌സിന്റെ ഡയറക്ടർ ജനറൽ ഫർഹാൻ അൽ ഫർതൗസി പറഞ്ഞു.
സഫീസിയ വിഷ്ണു യു.എസ് ആസ്ഥാനമായുള്ള സഫീസിയ ട്രാൻസ്‌പോർട്ട് ഇൻകോർപ്പറേറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. അതേസമയം സെഫിറോസ് ഗ്രീസ് ആസ്ഥാനമായുള്ള കമ്പനിയുടേതാണ്.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹുർമുസ് കടലിടുക്കിലും മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. രാജ്യത്തിനുമേൽ ആക്രമണം തുടർന്നാൽ ഒരു തുള്ളി എണ്ണ പോലും ഹുർമുസ് കടക്കാൻ അനുവദിക്കില്ലെന്ന ഇറാന്‍റെ മുന്നറിയിപ്പിനു പിന്നാലെയാണിത്. ആക്രമണത്തിന് പിന്നിൽ ഇറാനാണോയെന്ന് വ്യക്തമല്ല.
ഒമാൻ അതിർത്തിയിൽനിന്ന് 11 മൈൽ മാറി തായ്ലൻഡ് പതാക വഹിച്ച ‘മയൂരി നാരി’യാണ് ഇവയിലൊന്ന്. അബൂദബിയിലെ ഖലീഫ തുറമുഖത്തുനിന്ന് പുറപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞ് രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം. കപ്പലിലുണ്ടായിരുന്ന 23 ജീവനക്കാരിൽ 20 പേരെയും ഒമാൻ നാവിക സേന രക്ഷപ്പെടുത്തിയതായും അവശേഷിച്ചവരെ കൂടി രക്ഷപ്പെടുത്താൻ നടപടി സ്വീകരിച്ചതായും തായ്ലൻഡ് നാവികസേന അറിയിച്ചു.
കപ്പലിന് കേടുപാടുകളുണ്ടെങ്കിലും എണ്ണച്ചോർച്ചയുണ്ടായിട്ടില്ല. ദുബൈയുടെ വടക്കു പടിഞ്ഞാറ് 50 മൈൽ അകലെ മാർഷൽ ദ്വീപുകളുടെ പതാക വഹിച്ച കപ്പലും ആക്രമിക്കപ്പെട്ടു. ദിവസങ്ങൾക്കിടെ മേഖലയിൽ ആക്രമിക്കപ്പെട്ട കപ്പലുകളുടെ എണ്ണം ഇതോടെ 17 ആയി.
ഹുർമുസ് വഴി പോകുന്ന ടാങ്കറുകൾ അഗ്നിക്കിരയാക്കുമെന്നാണ് ഇറാൻ ഭീഷണി. ഹുർമുസിൽ ഇറാൻ മൈനുകൾ വിതറാൻ തുടങ്ങിയതായും യു.എസ് ആരോപിക്കുന്നു. മൈനുകൾ വിതറുന്നതിൽ വിജയം കണ്ടാൽ യുദ്ധം അവസാനിച്ചാലും ഇതുവഴിയുള്ള കപ്പലുകളുടെ സഞ്ചാരം പ്രതിസന്ധിയിലാകും.
നിലവിൽ പ്രതിദിനം ഒരു കപ്പൽ പോലും പോകുന്നില്ലെന്നാണ് സൂചന. നേരത്തെ പ്രതിദിനം 50 കപ്പലെങ്കിലും ഹുർമുസ് കടന്നിടത്താണ് ഈ സ്തംഭനം. യുദ്ധം അവസാനിച്ചാലും ഇതുവഴിയുള്ള കപ്പൽ കടത്ത് സാധാരണ നിലയിലെത്താൻ ഒരു മാസത്തിലേറെ എടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് മൂന്നുമാസം വരെ നീണ്ടേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.