ബെയ്റൂത്ത്: ലബനാനിൽ ക്രൈസ്തവ പുരോഹിതനെ ഇസ്രായേൽ സൈന്യം (ഐ.ഡി.എഫ്) വെടിവെച്ചുകൊന്നു. തെക്കൻ ലബനാനിലെ ക്ലായയിൽ മരോണൈറ്റ് ഇടവകയിലെ വൈദികൻ ഫാ. പിയറി അൽറായിയാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച ലബനാൻ അതിർത്തി ഗ്രാമമായ ക്ലായയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കാൻ എത്തിയ ഫാ. പിയറിക്കും സംഘത്തിനും നേരെ ഐ.ഡി.എഫ് യുദ്ധടാങ്കിൽ നിന്ന് വെടിവെപ്പ് നടത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ വൈദികൻ മരണത്തിന് കീഴടങ്ങിയതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഫാ. പിയറി അൽറായിയുടെ മരണത്തിൽ പോപ്പ് ലിയോ അനുശോചിച്ചു.
ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശത്താണ് ആക്രമണം നടന്നത്. ഇസ്രായേലിന്റെ മെർക്കാവ ടാങ്കിൽ നിന്നുള്ള പീരങ്കിയിൽനിന്ന് തുടർച്ചയായി രണ്ടുതവണ ഷെല്ലാക്രമണം നടന്നതായി നാഷനൽ ന്യൂസ് ഏജൻസി (എൻ.എൻഎ) റിപ്പോർട്ട് ചെയ്തു. ആദ്യ ആക്രമണത്തിൽ വീട്ടുടമസ്ഥനും ഭാര്യക്കും പരിക്കേറ്റു. വിവരമറിഞ്ഞ് ഫാ. പിയറി റായി ഉൾപ്പെടെ നിരവധി അയൽക്കാരും റെഡ് ക്രോസ് വളന്റിയർമാരും സംഭവസ്ഥലത്തേക്ക് ഓടിയെത്തി. ഇവർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ യുദ്ധ ടാങ്കിൽനിന്ന് വീടിന് നേരെ രണ്ടാം തവണയും വെടിവെക്കുകയായിരുന്നു. ഫാദർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. പിന്നാലെ വൈദികൻ മരണപ്പെട്ടു.
മിഡിൽ ഈസ്റ്റിൽ കുട്ടികൾ ഉൾപ്പെടെ എല്ലാ ഇരകളുടെയും ഫാദർ പിയറി അൽറായിയെ പോലുള്ള രക്ഷാപ്രവർത്തകരുടെ വിയോഗത്തിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നതായി വത്തിക്കാൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. സംഭവിക്കുന്ന കാര്യങ്ങൾ ആശങ്കാജനകമാണെന്നും അക്രമം എത്രയും വേഗം അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും വത്തിക്കാൻ അറിയിച്ചു.
അതിനിടെ, അമേരിക്കയും ഇസ്രയേലും ഇറാന്റെ അവകാശങ്ങൾ അംഗീകരിച്ചാൽ മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ തയാറാണെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. നിലവിലെ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമായും മൂന്ന് നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചത്. ഇറാന്റെ പരമാധികാരം പൂർണ്ണമായും അംഗീകരിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുക, ഭാവിയിൽ സമാനമായ സംഘർഷങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പുനൽകുക എന്നീ കാര്യങ്ങൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാമെന്നാണ് ഇറാൻ പ്രസിഡന്‍റ് വ്യക്തമാക്കിയത്.
റഷ്യയിലെയും പാകിസ്താനിലെയും നേതാക്കളുമായി സംസാരിച്ചപ്പോഴും താൻ ഇക്കാര്യം വ്യക്തമാക്കിയെന്ന് മസൂദ് പെസഷ്കിയാൻ പറഞ്ഞു. മേഖലയിലെ സമാധാനത്തിന് ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ യു.എസും ഇസ്രയേലും തുടങ്ങിവെച്ച ഈ യുദ്ധം അവസാനിക്കണമെങ്കിൽ ഇറാന്റെ നിയമാനുസൃത അവകാശങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം യു.എൻ രക്ഷാസമിതി അംഗീകരിച്ചു. എന്നാൽ ഈ വോട്ടെടുപ്പിൽ നിന്ന് റഷ്യയും ചൈനയും വിട്ടുനിന്നു. പ്രമേയം പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം.
ഇതിനിടെ ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടയാൻ ഇറാൻ ശ്രമിച്ചാൽ, നിലവിലുള്ളതിനേക്കാൾ 20 മടങ്ങ് ശക്തിയോടെ തിരിച്ചടിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ ട്രംപിന്റെ ഭീഷണിയെ തള്ളി ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി രംഗത്തെത്തി. അമേരിക്ക, ഇസ്രായേൽ എന്നിവരുമായോ അവരുടെ സഖ്യകക്ഷികളുമായോ ബന്ധമുള്ള കപ്പലുകളെ ഇറാൻ ലക്ഷ്യം വെക്കുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.