സലാല തുറമുഖത്തിന് നേരെയുണ്ടായ ആക്രമണ ദൃ​ശ്യം. അൽ ജസീറ പങ്കുവെച്ച ചിത്രം

ഒമാനെ ആക്രമിച്ചത് തങ്ങളല്ലെന്ന് ഇറാൻ; ‘യു.എസ്- ഇസ്രായേൽ സഖ്യം നടത്തിയ ആക്രമണം, സംശയാസ്പദം’

തെഹ്റാൻ/മസ്കത്ത്: ബുധനാഴ്ച സലാല തുറമുഖത്തെ ഇന്ധന ടാങ്കുകൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണം ‘സംശയാസ്പദ’മാണെന്ന് ഇറാന്റെ സായുധ സേനയെ ഏകോപിപ്പിക്കുന്ന ഖാതമുൽ-അമ്പിയ സെൻട്രൽ ആസ്ഥാനം ആരോപിച്ചു. ആക്രമണത്തിൽ തങ്ങൾക്ക് നേരിട്ട് പങ്കുണ്ടെന്ന കാര്യം ഔദ്യോഗികമായി നിഷേധിച്ച ഇറാൻ, ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഒമാനെ അറിയിച്ചതായാണ് വിവരം.

ഒമാനെ ഒരു ‘സുഹൃത്തും അയൽരാജ്യവുമായാണ്’ തങ്ങൾ കാണുന്നത്. ഒമാനു നേരെ സൈനിക നീക്കം നടത്തില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. മേഖലയിൽ ഇറാന്റെ പ്രതിച്ഛായ തകർക്കാൻ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആസൂത്രിത നീക്കമാണ് (ഫാൾസ് ഫ്ലാഗ് ഓപറേഷൻ) ഇതെന്നാണ് ഇറാന്റെ ആരോപണം.

സലാല തുറമുഖത്തിനുനേരെ നടന്ന ആക്രമണത്തിന് പിന്നാലെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. ഒമാന്റെ മണ്ണിൽ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളിൽ സുൽത്താൻ ഹൈതം ബിൻ താരിക് ശക്തമായ അതൃപ്തിയും പ്രതിഷേധവും അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. സംഘർഷം ഉടൻ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചചെയ്തു.

ബുധനാഴ്ച സലാല തുറമുഖത്തെ ഇന്ധന സംഭരണ ശാലകൾക്ക് നേരെ നടന്ന ആക്രമണത്തിൽ നിരവധി ഡ്രോണുകൾ ഒമാൻ സൈന്യം വെടിവെച്ചിട്ടെങ്കിലും ചിലത് ഇന്ധന ടാങ്കുകളിൽ പതിക്കുകയായിരുന്നു. ബുധനാഴ്ച തന്നെ ദുകം തുറമുഖത്തിനു സമീപവും രണ്ട് ​ ഡ്രോൺ ആക്രമണം നടന്നു. ഇതിൽ ഒരു ഡ്രോൺ പ്രതിരോധ സേന തകർത്തു. രണ്ടാമത്തെ ഡ്രോൺ കടലിൽ പതിക്കുകയായിരുന്നു. ഇരു ആക്രമണങ്ങളിലും ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഒമാൻ ന്യൂസ് ഏജൻസി സ്ഥിരീകരിച്ചു.

അതേസമയം, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സലാല തുറമുഖത്തെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പ്രമുഖ ഷിപ്പിങ് കമ്പനിയായ മയസ്ക് ഉൾപ്പെടെയുള്ളവർ തങ്ങളുടെ സർവിസുകൾ നിർത്തിവെച്ചിട്ടുണ്ട്. തുറമുഖത്ത് നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും രാജ്യത്തെ ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ലെന്നും പെട്രോളിയം ഉൽപന്നങ്ങളുടെ ലഭ്യത സാധാരണ നിലയിലാണെന്നും ഒമാൻ ഊർജ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Iran denies any role in oman strikes and may have been an Israeli false‑flag operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.