ലണ്ടൻ: മേഖലയിലെ രാഷ്ട്രീയത്തിനൊപ്പം സാമ്പത്തിക രംഗവും കൂടുതൽ കലുഷിതമാക്കി സംഘർഷം ഹുർമുസിൽ വ്യാപിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. രാജ്യത്തിനുമേൽ ആക്രമണം തുടർന്നാൽ ഒരു തുള്ളി എണ്ണ പോലും ഹുർമുസ് കടക്കാൻ അനുവദിക്കുകയില്ലെന്ന ഇറാൻ മുന്നറിയിപ്പിനു പിന്നാലെ മൂന്ന് കപ്പലുകളാണ് മണിക്കൂറുകൾക്കിടെ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ഇറാനാണോയെന്ന് വ്യക്തമല്ല.
ഒമാൻ അതിർത്തിയിൽനിന്ന് 11 മൈൽ മാറി തായ്ലൻഡ് പതാക വഹിച്ച ‘മയൂരി നാരി’യാണ് ഇവയിലൊന്ന്. അബൂദബിയിലെ ഖലീഫ തുറമുഖത്തുനിന്ന് പുറപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞ് രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം. കപ്പലിലുണ്ടായിരുന്ന 23 ജീവനക്കാരിൽ 20 പേരെയും ഒമാൻ നാവിക സേന രക്ഷപ്പെടുത്തിയതായും അവശേഷിച്ചവരെ കൂടി രക്ഷപ്പെടുത്താൻ നടപടി സ്വീകരിച്ചതായും തായ്ലൻഡ് നാവികസേന അറിയിച്ചു.
കപ്പലിന് കേടുപാടുകളുണ്ടെങ്കിലും എണ്ണച്ചോർച്ചയുണ്ടായിട്ടില്ല. ജപ്പാൻ പതാക വഹിച്ച ‘വൺ മജസ്റ്റി’ കപ്പലിനുനേരെ യു.എ.ഇയിലെ റാസൽഖൈമ തീരത്തുനിന്ന് വടക്കുപടിഞ്ഞാറ് 46 കിലോമീറ്റർ മാറിയാണ് ആക്രമണം നടന്നത്. ജീവനക്കാർ സുരക്ഷിതരാണ്. കപ്പൽ നങ്കൂരമിടാനായി സുരക്ഷിതസ്ഥാനത്തേക്ക് നീങ്ങുകയാണെന്ന് അധികൃതർ അറിയിച്ചു. ദുബൈയുടെ വടക്കു പടിഞ്ഞാറ് 50 മൈൽ അകലെ മാർഷൽ ദ്വീപുകളുടെ പതാക വഹിച്ച കപ്പലും ആക്രമിക്കപ്പെട്ടു. ദിവസങ്ങൾക്കിടെ മേഖലയിൽ ആക്രമിക്കപ്പെട്ട കപ്പലുകളുടെ എണ്ണം ഇതോടെ 17 ആയി.
ഹുർമുസിലെ സംഘർഷം ആഗോള എണ്ണക്കടത്തിനുമേൽ കരിനിഴൽ വീഴ്ത്തിയതോടെ വില കുത്തനെ ഉയരുന്നത് തുടരുകയാണ്. തിങ്കളാഴ്ച ബാരലിന് 100 ഡോളർ കടന്നത്, ട്രംപ് നൽകിയ ഉറപ്പിനു പിന്നാലെ 90 ഡോളറിലേക്ക് താഴ്ന്നെങ്കിലും പുതിയ ആക്രമണം വീണ്ടും വില വർധിപ്പിക്കാൻ സാധ്യത കൂടുതലാണ്. യുദ്ധത്തിനുമുമ്പ് ബാരലിന് 60 ഡോളറിൽ താഴെയായിരുന്നതാണ് അതിവേഗം വർധിച്ചത്.
ഹുർമുസ് വഴി പോകുന്ന ടാങ്കറുകൾ അഗ്നിക്കിരയാക്കുമെന്നാണ് ഇറാൻ ഭീഷണി. ഹുർമുസിൽ ഇറാൻ മൈനുകൾ വിതറാൻ തുടങ്ങിയതായും യു.എസ് ആരോപിക്കുന്നു.
മൈനുകൾ വിതറുന്നതിൽ വിജയം കണ്ടാൽ യുദ്ധം അവസാനിച്ചാലും ഇതുവഴിയുള്ള കപ്പലുകളുടെ സഞ്ചാരം പ്രതിസന്ധിയിലാകും. നിലവിൽ പ്രതിദിനം ഒരു കപ്പൽ പോലും പോകുന്നില്ലെന്നാണ് സൂചന. നേരത്തെ പ്രതിദിനം 50 കപ്പലെങ്കിലും ഹുർമുസ് കടന്നിടത്താണ് സമ്പൂർണ സ്തംഭനം. യുദ്ധം അവസാനിച്ചാലും ഇതുവഴിയുള്ള കപ്പൽ കടത്ത് സാധാരണ നിലയിലെത്താൻ ഒരു മാസത്തിലേറെ എടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് മൂന്നുമാസം വരെ നീണ്ടേക്കാം.
വില സാധാരണ നിലയിലെത്താനും ഇത്ര സമയമെടുക്കുമെന്നർഥം. പരമോന്നത ആത്മീയ നേതാവ് അലി ഖാംനഈയെ വധിച്ച യുദ്ധമായതിനാൽ അതിവേഗം എല്ലാം അവസാനിപ്പിക്കുന്നതിന് ഇറാനും താൽപര്യമില്ലെന്നാണ് ഏറ്റവുമൊടുവിലെ പ്രസ്താവനകൾ വ്യക്തമാക്കുന്നത്. ഹുർമുസ് കടക്കുന്ന കപ്പലുകളെ യു.എസ് നാവിക സേന അനുഗമിക്കുമെന്ന പുതിയ വാഗ്ദാനവും എത്ര കണ്ട് പ്രയോജനപ്പെടുമെന്ന് കാത്തിരുന്ന് കാണണം.
പ്രതിസന്ധി ഇരട്ടിയാക്കി പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണ ഖനനം നടക്കുന്ന പശ്ചിമേഷ്യയിൽ ഇവയിലേറെയും നിർത്തിവെച്ചിരിക്കുകയാണ്. എണ്ണ കടത്ത് നടക്കാത്തതിനാൽ ഇവ സംഭരിച്ചുവെക്കൽ എളുപ്പമല്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇവയെല്ലാം ചേരുമ്പോൾ അടുത്ത രണ്ടു മാസവും ബാരലിന് വില 100 ഡോളറിനു സമീപത്തുതന്നെയായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.