തെഹ്റാൻ: അമേരിക്കയും ഇസ്രയേലും ഇറാന്റെ അവകാശങ്ങൾ അംഗീകരിച്ചാൽ മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ തയാറാണെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ. നിലവിലെ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമായും മൂന്ന് നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചത്. ഇറാന്റെ പരമാധികാരം പൂർണ്ണമായും അംഗീകരിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുക, ഭാവിയിൽ സമാനമായ സംഘർഷങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പുനൽകുക എന്നീ കാര്യങ്ങൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാമെന്നാണ് ഇറാൻ പ്രസിഡന്‍റ് വ്യക്തമാക്കിയത്.
റഷ്യയിലെയും പാകിസ്താനിലെയും നേതാക്കളുമായി സംസാരിച്ചപ്പോഴും താൻ ഇക്കാര്യം വ്യക്തമാക്കിയെന്ന് മസൂദ് പെസഷ്കിയാൻ പറഞ്ഞു. മേഖലയിലെ സമാധാനത്തിന് ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ യു.എസും ഇസ്രയേലും തുടങ്ങിവെച്ച ഈ യുദ്ധം അവസാനിക്കണമെങ്കിൽ ഇറാന്റെ നിയമാനുസൃത അവകാശങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം യു.എൻ രക്ഷാസമിതി അംഗീകരിച്ചു. എന്നാൽ ഈ വോട്ടെടുപ്പിൽ നിന്ന് റഷ്യയും ചൈനയും വിട്ടുനിന്നു. പ്രമേയം പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം.
ഇതിനിടെ ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടയാൻ ഇറാൻ ശ്രമിച്ചാൽ, നിലവിലുള്ളതിനേക്കാൾ 20 മടങ്ങ് ശക്തിയോടെ തിരിച്ചടിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ ട്രംപിന്റെ ഭീഷണിയെ തള്ളി ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി രംഗത്തെത്തി. അമേരിക്ക, ഇസ്രായേൽ എന്നിവരുമായോ അവരുടെ സഖ്യകക്ഷികളുമായോ ബന്ധമുള്ള കപ്പലുകളെ ഇറാൻ ലക്ഷ്യം വെക്കുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.